ഇടുക്കി: അടിമാലിയിൽ സ്‌കൂൾ ബസ്സും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം. അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. ശല്യംപാറയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.

വെള്ളത്തൂവൽ കല്ലാർകുട്ടി റോഡിലെ പണ്ടാരപ്പടി കോലഞ്ചേരി വളവിലാണ് സ്‌കൂൾ ബസും പൊലീസ് ജീപ്പും അപകടത്തിൽപ്പെട്ടത്. വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. അടിമാലിയിലെ സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളായ വിശ്വദീപ്തിയിലെ സ്‌കൂൾ ബസും പൈനാവ് ഡി പി ഒയിലെ പൊലീസ് വാഹനവുമാണ് അപകടത്തിൽപ്പെട്ടത്.

ശാന്തമ്പാറ പൊലീസ് സ്റ്റേഷനിൽ വേരിഫിക്കേഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്നു പൊലീസ് വാഹനം. അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കില്ല. എന്നാൽ പൊലീസ് ജീപ്പിൽ ഉണ്ടായിരുന്ന 5 പേർക്ക് പരിക്കേറ്റു. ഒരു വനിതാ കോൺസ്റ്റബിളും 4 പൊലീസുകാരുമാണ് ജീപ്പിൽ ഉണ്ടായിരുന്നത്.

പരിക്കേറ്റ ഇവരെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇതിൽ രണ്ട് പേരെ വിദഗ്ത ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുത്രിയിലേക്ക് കൊണ്ടു പോയി.

അടിമാലിയിൽ നിന്നും കുട്ടികളുമായി പോകുകയായിരുന്ന സ്‌കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടനെ കുട്ടികളെ മറ്റൊരു സ്‌കൂൾ ബസെത്തിച്ച് വീടുകളിൽ എത്തിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ പൊലീസ് ജീപ്പിന്റെ ഒരു വശം തകർന്നു. സ്‌കൂൾ ബസിന്റെ മുൻഭാഗത്തിനും കേടുപാടുകൾ സംഭവിച്ചു. വെള്ളത്തൂവൽ പൊലീസ് എത്തി തുടർ നടപടി സ്വീകരിച്ചു.