കിളിമാനൂർ: ജൈവ കൃഷി നടത്തിയ ആർസിസിയിലെ ഡോക്ടറുടെ നെല്ല് പാകമായപ്പോൾ കൊയ്യാൻ എത്തിയത് സഹപാഠികളും സുഹൃത്തുക്കളുമായ ഡോക്ടർമാർ. തിരുവനന്തപുരം ആർസിസിയിലെ അഡീഷനൽ ഡയറക്ടർ ഡോ. എ.സജീദ് കൃഷി ഇറക്കിയ പാടത്തെ നെല്ലു കൊയ്യാനാണ് ഡോക്ടർമാർ കുടുംബ സമേതം എത്തിയത്. പുളിമാത്ത് ഗ്രാമപ്പഞ്ചായത്തിലെ പ്ലാവോട് പാടശേഖരത്തിലായിരുന്നു ഡോക്ടർമാരുടെ കൊയ്ത്ത്.

ജോലിത്തിരക്കുകൾക്കിടയിലും കൃഷി ഇറക്കാനും പരിപാലിക്കാനുമെല്ലാം ഡോ. എ.സജീദ് സമയം കണ്ടെത്തുകയായിരുന്നു. ഇത്തവണ ഡോക്ടറും സുഹൃത്തുക്കളായ കൃഷി ഉദ്യോഗസ്ഥരും കൂടി ഒന്നര ഏക്കറിൽ ആണ് കൃഷി ഇറക്കിയത്. കീടനാശിനിയും രാസവളങ്ങളും മനുഷ്യരുടെ ആരോഗ്യത്തിന് കടുത്ത ഭീഷണി ആയതിനാലാണ് ജൈവ കൃഷി നടത്താൻ പ്രേരിപ്പിച്ചത്.

കൊയ്ത്ത് പാട്ട് പാടിയും നെൽപാടത്ത് ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിച്ചും കൊയ്ത്തു ദിനം അത്യാഹ്ലാദവും സന്തോഷവും ലഭ്യമാക്കിയതായി ഡോക്ടർമാർ പറഞ്ഞു. നെൽക്കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ കൃഷിയെ കുറിച്ച് സുഹൃത്തുക്കളായ ഡോക്ടർമാരോട് വിവരങ്ങൾ പങ്ക് വയ്ക്കുമായിരുന്നു. ഇക്കാര്യം കേട്ട സുഹൃത്തുക്കൾ നെല്ല് കൊയ്ത്തിന് സ്വയം തയാറാകുകയായിരുന്നു.

മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗം അസി.പ്രഫ. ഡോ.ബിനോയ്, കാർഡിയോളജി വിഭാഗം അസി.പ്രഫ.ഡോ.ബൈജു, തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ഡോ.വി.വി.അജിത്കുമാർ, കോസ്‌മോ ആശുപത്രി സൂപ്രണ്ട് ഡോ.മധു, കടയ്ക്കൽ ഗവ.താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.ആശ ജെ.ബാബു എന്നീ ഡോക്ടർമാരും കുടുംബ അംഗങ്ങളുമായി ആഘോഷമാക്കി വിളവെടുപ്പ് നടത്തി. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരായ ദീപ്തി വരദൻ, രാജേഷ് എന്നിവരുടെ സഹകരണം കൃഷി നടത്താൻ ഏറെ സഹായം ലഭിച്ചു.