പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടണമെന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം. സർക്കാർ ആവശ്യപ്പെട്ടാൽ പ്രതിപക്ഷം പിന്തുണക്കുമെന്നും ബൽറാം പറഞ്ഞു.

അതേ സമയം മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെടില്ല. അവർ തമ്മിലുള്ള രഹസ്യനീക്കത്തിന്റെ ഭാഗമായാണ് പരസ്പരമുള്ള വിമർശനങ്ങൾ. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണിതെന്നും ബൽറാം പറഞ്ഞു.

അതേസമയം മന്ത്രിസഭയുടെ അധികാരത്തിൽ കടന്നുകയറാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പ്രീതി മുഖ്യമന്ത്രിയുടെ പരിധിയിൽ വരുന്നതാണ്. ഗവർണറുടെ വിവേചനാധികാരം പ്രയോഗിക്കാൻ സാധിക്കുക മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തപ്പോൾ മാത്രമാണെന്നും മന്ത്രിസഭയുടെ അധികാരം അനുസരിച്ച് പ്രവർത്തിക്കണം എന്നല്ല ഗവർണർ അങ്ങനെയേ പ്രവർത്തിക്കാവു എന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.