കോതമംഗലം :യുവ എഴുത്തുകാർ സമൂഹത്തെ നേർദിശയിൽ ചിന്തിപ്പിക്കാനുള്ള നിർണായക ശക്തിയെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മനുഷ്യസംബന്ധിയായ മാനവികതയുടെ പൊതു കരകൾ തേടുന്ന ഹൃദയസ്പർശിയായ എന്തും സാഹിത്യമായി ലോകം വിലയിരുത്തുന്നു. ടെക്‌നോളജിയുടെ വികാസം, ഗ്രാഫിക് നോവൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള കവിതകൾ എന്നിങ്ങനെ സാഹിത്യ മേഖലകൾ അനുദിനം മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്നു.

സാഹിത്യ സൃഷ്ടികൾ സമൂഹത്തെ പ്രചോദിപ്പിക്കുന്നതും ഉത്തേജിപ്പിക്കുന്നതുമാകണം. ജനങ്ങളെ നിർമ്മാണാത്മകമാക്കി മാറ്റുക, നീതിക്കു വേണ്ടി പോരാടാനുള്ള കരുത്താക്കി മാറ്റുക, അവസാന ശ്വാസം വരെ പോരാടാനുള്ള ഇന്ധനമാക്കി മാറ്റുക - അവിടെയാണ് ഒരു സാഹിത്യ സൃഷ്ടി ജീവിക്കുന്നത്. സാഹിത്യകാരന്മാരിൽ അനിവാര്യമാണ് രാഷ്ട്രീയം . ഈ നാട്ടിലെ ജനങ്ങൾ എന്തു ചിന്തിക്കണം എങ്ങനെ ചിന്തിക്കണം, തെറ്റായ ചിന്താഗതി ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകണം എന്നൊക്കെ നിശ്ചയിക്കാൻ വേണ്ടി പ്പോകുന്ന നിർണ്ണായക ശക്തിയാണ് യുവ എഴുത്തുകാർ . മന്ത്രി വ്യക്തമാക്കി. തട്ടേക്കാട് നടന്നു വന്നിരുന്ന യുവ ജനക്ഷേമ ബോർഡിന്റെ തട്ടകം സാഹിത്യ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് അധ്യക്ഷനായി. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് കാന്തി വെള്ളക്കയ്യൻ , കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ , കെ കെ ഗോപി, കെ കെ ശിവൻ ,അഡ്വ.റോണി മാത്യു, സന്തോഷ് കാല, ഷെനിൽ മന്തിരാട് , ക്യാമ്പ് ഡയറക്ടർ ഡോ.സി. രാവുണ്ണി, ജയകുമാർ ചെങ്ങമനാട്, ജില്ലാ ഓഫീസർ ശങ്കർ.എം.എസ് എന്നിവർ പങ്കെടുത്തു.