പയ്യന്നൂർ: സംസ്ഥാനത്ത് തന്നെ ഏറെ ചർച്ചാവിഷയമായ മാടായി സ്റ്റീൽ പോർക്കലി സ്റ്റീൽസിനു മുൻപിൽ സി. ഐ.ടി.യുവിന്റെ നേതൃത്വത്തിൽ തൊഴിൽ അവകാശത്തിനായി ചുമട്ടു തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. കഴിഞ്ഞ 268-ദിവസമായി തൊഴിലാളികൾ നടത്തിവരുന്ന സമരമാണ് കോടതിവിധിയുടെ അനുകൂല പശ്ചാത്തലത്തിൽ ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലൂടെ പര്യവസാനിപ്പിച്ചത്.

മാടായി തെരുവിലെ ശ്രീ പോർക്കലി സ്റ്റീൽസിൽ സാധനങ്ങൾ കയറ്റിറക്കുന്നതുമായി ബന്ധപ്പെട്ടു ഉടമയുമായുണ്ടായിരുന്ന തർക്കമാണ് മാസങ്ങൾ നീണ്ട സമരത്തിലേക്ക് സി. ഐ.ടി.യുവിനെ നയിച്ചത്. പഴയങ്ങാടിയിലെ ചുമട്ടു തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചു തൊഴിൽ ഉടമ മറ്റു പ്രദേശങ്ങളിൽ നിന്നും ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ കൊണ്ടുവന്ന് കയറ്റിറക്കു നടത്തിയതായിരുന്നു പ്രശ്നത്തിന് തുടക്കമിട്ടത്.

സ്ഥാപനം തുടങ്ങുമ്പോൾ തന്നെ പഴയങ്ങാടിയിലെ ചുമട്ടുതൊഴിലാളികൾക്ക് തൊഴിൽ നൽകാമെന്ന് ഉടമ മോഹൻലാൽ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഇതിൽ നിന്നും വ്യതിചലിച്ചതാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളെയും തൊഴിൽകാർഡില്ലാത്തവരെയും കൊണ്ടുവന്ന് ഉടമ ലോഡിങ് നടത്തുന്നുവെന്നായിരുന്നു തദ്ദേശിയ തൊഴിലാളികളുടെ ആരോപണം.

ഇതിനെ തുടർന്നാണ് പഴയങ്ങാടിയിലെ ചുമട്ടുതൊഴിലാളികൾ സി. ഐ.ടി.യുവിന്റെ നേതൃത്വത്തിൽ സമരമാരംഭിച്ചത്. പൊലിസും ലേബർ വകുപ്പംു വിഷയത്തിൽ ഇടപെട്ടുവെങ്കിലും പ്രശ്്നപരിഹാരമുണ്ടായില്ല.താൻ സ്ഥാപനം അടച്ചുപൂട്ടുമെന്ന് തൊഴിൽ ഉടമ പറഞ്ഞതോടെ വിഷയം സംസ്ഥാനമാകെ ചർച്ചയാവുകയും ചെയ്തു. ഒടുവിൽ തൊഴിലാളികൾ സ്ഥാപനത്തിന് മുൻപിൽ അനിശ്ചിത കാലസമരമാരംഭിക്കുകയായിരുന്നു.

ഓരോ ദിവസം രണ്ടു തൊഴിലാളികൾ വീതമാണ് സ്ഥാപനത്തിന്റെ മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തിയത്. സമരം അതിരൂക്ഷമായി തുർന്നതിനെ തുടർന്ന്സമരത്തിനെ പിൻതുണച്ചുകൊണ്ട് ഇതര ട്രേഡ് യൂനിയനുകളും രംഗത്തിറങ്ങി. തൊഴിൽ നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇതിനിട തൊഴിലാളികൾ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കോടതി ലേബർഓഫിസറോട് വിഷയം പഠിച്ചു തീരുമാനമെടുക്കാൻ ഉത്തരവിട്ടത്.

ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളി ക്ഷേമ ബോർഡ് അനുവദിച്ച തൊഴിൽ കാർഡുള്ളവരെ മാത്രമെ തൊഴിൽ ചെയ്യാൻ അനുവദിക്കുകയുള്ളുവെന്ന തീരുമാനവുമുണ്ടായി. ഇതുപ്രകാരം ഇതരസംസ്ഥാന തൊഴിലാളികൾ കയറ്റിറക്ക് നടത്തുന്നത് തടഞ്ഞിരുന്നു. വിധി തൊഴിലാളികൾക്ക് അനുകൂലമായതിനെ തുടർന്ന് സമരം അവസാനിപ്പിച്ചുവെന്ന് യൂനിയൻ ഭാരവാഹികൾ അറിയിച്ചു. ചുമട്ടുതൊഴിലാളികൾക്ക് വേണ്ടി അഡ്വ. ഐ.വി പ്രമോദ് കോടതിയിൽ ഹാജരായി.