- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നത വിദ്യാഭ്യാസമേഖലയെ പ്രതിസന്ധിയിലാക്കുന്നത് സർക്കാരും സിപിഎമ്മും; സാങ്കേതിക സർവകലാശാലയ്ക്ക് താൽക്കാലിക വി സി പോലും വേണ്ടെന്നാണോ സർക്കാർ നിലപാട്; കേരള പൊലീസ് പണക്കാർക്കും മാഫിയകൾക്കുമൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
തിരുവനന്തപുരം: സിപിഎമ്മിന്റെയും സർക്കാരിന്റെയും നിർദ്ദേശത്തെ തുടർന്നാണ് വൈസ് ചാൻസലർ നിയമനത്തിനായി ഗവർണർ രൂപീകരിച്ച സേർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകാൻ കേരള സർവകലാശല തയാറാകാത്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതോടെ വി സി നിയമനം പ്രതിസന്ധിയിലായിരിക്കുകയാണ്. കേരള സർവകലാശാലയ്ക്ക് വൈസ് ചാൻസലർ വേണ്ടെന്ന നിലപാടാണ് സർക്കാരും സിപിഎമ്മും സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധിയെ തുടർന്നാണ് സാങ്കേതിക സർവകലാശാല വി സിക്ക് സ്ഥാനം ഒഴിയേണ്ടി വന്നത്. ഈ സാഹചര്യത്തിൽ പുതിയൊരു വി സിയെ നിയമിക്കുന്നത് വരെ അക്കാദമിക് പശ്ചാത്തലമുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർക്ക് ചാൻസലർ താൽക്കാലിക ചുമതല നൽകിയെങ്കിലും അവരെ സ്ഥാനം ഏറ്റെടുക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് എസ്.എഫ്.ഐയും സിപിഎം സർവീസ് സംഘടനകളും. സങ്കേതിക സർവകലാശാലയ്ക്ക് താൽക്കാലിക വി സി പോലും വേണ്ടെന്ന നിലപാടിലാണോ സർക്കാർ? സർക്കാരിന്റെയും സിപിഎമ്മിന്റെയും ഈ നിലപാട് സുപ്രീംകോടതി വിധിക്ക് എതിരാണ്. ചാൻസലർ സംഘപരിവാർ പശ്ചാത്തലമുള്ള ആളെയാണ് നിയമിച്ചതെങ്കിൽ പ്രതിപക്ഷവും എതിർത്തേനെ. പക്ഷെ സിപിഎമ്മിന് പോലും വിരോധം പറയാൻ പറ്റാത്ത, അക്കാദമിക് യോഗ്യതയുള്ള ഉദ്യോഗസ്ഥയെ നിയമിച്ചിട്ടും അംഗീകരിക്കില്ലെന്ന് പറയുന്നത് സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കലാണെന്നും സതീശൻ കുറ്റപ്പെടുത്തി
സർക്കാരും സിപിഎമ്മുമാണ് ഉന്നത വിദ്യാഭ്യാസമേഖലയിൽ കുഴപ്പങ്ങളുണ്ടാക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തുണ്ടായിരിക്കുന്ന അനിശ്ചിതത്വത്തിന് ഇരകളാകുന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ്. എന്നിട്ടാണ് സംഘപരിവർ എന്നു പറയുന്നത്. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ സർക്കാർ തന്നെ കുഴപ്പമുണ്ടാക്കുകയാണ്. സർവകലാശാലകളിൽ ഇഷ്ടക്കാരെ പിൻവാതിലിലൂടെ നിയമിക്കുകയെന്നതു മാത്രമാണ് സിപിഎമ്മിന്റെയും സർക്കാരിന്റെയും ലക്ഷ്യം.
സ്വർണക്കള്ളക്കടത്ത് തെരഞ്ഞെടുപ്പിനും മുൻപേ വന്നതാണ്. അപ്പോഴൊന്നും ഗവർണറെ കണ്ടില്ലല്ലോ. ഇപ്പോൾ സർക്കാരിനെ രക്ഷിക്കാനാണ് ഗവർണർ രംഗത്തിറങ്ങിയിരിക്കുന്നത്. കേന്ദ്ര ഏജൻസികളാണ് സ്വപ്നയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കേണ്ടത്. ബിജെപി ദേശീയ നേതൃത്വവും സിപിഎമ്മും തമ്മിലുള്ള ധാരണയെ തുടർന്നാണ് ഒന്നും അന്വേഷിക്കാത്തത്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയും ഓഫീസിന് പങ്കാളിത്തമുണ്ടെന്ന് എല്ലാവർക്കും അറിയാം. പ്രിൻസിപ്പൽ സെക്രട്ടറി 100 ദിവസം ജയിലിലായിരുന്നു. ഗവർണർ രാഷ്ട്രപതിക്ക് കത്തെഴുതിയതുകൊണ്ട് ഒരു കാര്യവുമില്ല. കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് പറയന്നത് വെറുതെയാണ്. അന്വേഷിക്കേണ്ട കേസുകൾ പോലും കേന്ദ്ര ഏജൻസികൾ അന്വേഷിക്കാതെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. പുകമറ സൃഷ്ടിച്ച് വിലക്കയറ്റം ഉൾപ്പെടെയുള്ള യഥാർത്ഥ വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ മാറ്റാനാണ് ശ്രമിക്കുന്നത്. സർക്കാരും ഗവർണറും തമ്മിൽ ഏറ്റുമുട്ടുകയാണെന്ന് വരുത്തിത്തീർക്കുകയാണ്. അതിന് ഗവർണറും കൂട്ടുനിൽക്കുകയാണ്.
സർക്കാരും ഗവർണറും തമ്മിൽ പല നിയമവിരുദ്ധ ഇടപാടുകളും നടത്തിയിട്ടുണ്ട്. 9 വി സിമാരെ യുജിസി മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിച്ചത് സർക്കാരും ഗവർണറും തമ്മിൽ നടത്തിയ നിയമവിരുദ്ധമായ ഇടപാടാണ്. ഞാൻ പറയുന്നതയാളെ എന്റെ ജില്ലയായ കണ്ണൂരിലെ സർവകലാശാല വി സിയായി നിയമിക്കണമെന്ന് മുഖ്യമന്ത്രി ഗവർണറുടെ വീട്ടിൽ പോയാണ് ആവശ്യപ്പെട്ടത്. ഇതിന് പകരമായാണ് ആർ.എസ്.എസ് പശ്ചാത്തലമുള്ള ആളെ ഗവർണറുടെ സ്റ്റാഫിലേക്ക് സർക്കാർ വച്ചുകൊടുത്തത്. എന്നാട്ടാണ് മുഖ്യമന്ത്രി ഇപ്പോൾ ആർ.എസ്.എസ് വിരുദ്ധത പറയുന്നത്. ആർ.എസ്.എസ് പശ്ചാത്തലമുള്ള ആൾക്ക് പകരം മറ്റൊരാളെ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകാനുള്ള ധൈര്യം അന്ന് മുഖ്യമന്ത്രി കാട്ടിയില്ലല്ലോ. അന്ന് ഇവർ രണ്ടു പേരും ഒന്നിച്ചായിരുന്നു. വി സിമാരുടെ നിയമനത്തിന് എതിരായ കേസ് വന്നപ്പോൾ സുപ്രീം കോടതിയിലും സർക്കാരും ഗവർണറും ഒന്നിച്ചായിരുന്നു. സുപ്രീം കോടതിയിൽ സർക്കാരും ഗവർണറും ഒന്നിച്ച് തോറ്റപ്പോൾ ജയിച്ചത് യു.ഡി.എഫാണ്. വി സി നിയമനങ്ങളെല്ലാം യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചുള്ളവയാണെന്ന യു.ഡി.എഫ് ആരോപണം അടിവരയിടുന്നതാണ് സുപ്രീം കോടതി വിധി. ഇപ്പോൾ ഈ വിധിക്കെതിരെയാണ് സിപിഎം രാജ്ഭവനിലേക്ക് സമരം ചെയ്യുന്നത്.
തലശേരിയിൽ കാറിൽ ചാരി നിന്നതിന് ആറു വയസുകാരനെ തൊഴിച്ച് തെറുപ്പിച്ച സംഭവത്തിൽ കേരളത്തിലെ പൊലീസ് പ്രതിയെ വെറുതെ വിടാനാണ് ശ്രമിച്ചത്. പിറ്റേ ദിവസം വിവാദമായപ്പോഴാണ് അയാളെ വീണ്ടും വിളിച്ചു വരുത്തിയത്. നീതിന്യായ നിർവഹണം നടത്താതെ പണക്കാർക്കും മാഫിയകൾക്കും ഒപ്പമാണ് പൊലീസ്. സിപിഎം നേതാക്കളാണ് കേരളത്തിൽ പൊലീസിനെ നിയന്ത്രിക്കുന്നത്. പൊലീസ് അതിക്രമങ്ങൾ ഇപ്പോൾ വാർത്ത അല്ലാതായിരിക്കുകയാണ്. എല്ലാ പൊലീസ് അതിക്രമങ്ങളും മുഖ്യമന്ത്രിക്ക് ഒറ്റപ്പെട്ട സംഭവമാണ്. നൂറുകണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ് കേരളത്തിലുണ്ടാകുന്നത്. മുഖ്യമന്ത്രി ഉറങ്ങുകയും പാർട്ടി നേതാക്കൾ പൊലീസിനെ നിയന്ത്രിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഇത് അപകടകരമായ സാഹചര്യമാണ്. അതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് തലശേരി സംഭവം.
തലശേരി സംഭവത്തിൽ എങ്ങനെ പ്രതികരിക്കണമെന്നത് ഓരോരുത്തരുടെയും ഔചിത്യമാണ്. വിഷയങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് ആർക്കും പറയാൻ പറ്റില്ല. കുഞ്ഞിനെ ചവിട്ടയപ്പോൾ നമ്മുടെ നെഞ്ചിൽ ചവിട്ടിയതു പോലെയാണ് തോന്നിയത്. ഇതിനെ ന്യായീകരിക്കാൻ വരുന്നവരോട് എന്ത് പറയാനാകും. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രിൻസിപ്പലിന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് പറഞ്ഞതും പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ്. എന്നിട്ടും പൊലീസ് നോക്കി നിന്നു. പൊലീസിന് സിപിഎം പോഷകസംഘടന നേതാക്കളെ പേടിയാണ്. പൊലീസും ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണ്. സ്വതന്ത്രമായി പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയിലാണ് പൊലീസ്-സതീശൻ പറഞ്ഞു.



