പത്തനംതിട്ട: അങ്ങാടി പിഎച്ച്‌സി കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. നാഷണൽ ഹെൽത്ത് മിഷൻ 2.12 കോടി രൂപ അനുവദിച്ച കെട്ടിട നിർമ്മാണത്തിന് മുന്നോടിയായി സ്ഥലത്തെ മണ്ണ് പരിശോധനയ്ക്ക് തുടക്കമായി. ഇവിടെ സ്വകാര്യ വുക്തി സൗജന്യമായി നൽകിയ 12 സെന്റ് സ്ഥലത്ത് ഇരുനിലകളിലായി ആധുനിക സംവിധാനങ്ങളോടെ ആശുപത്രി കെട്ടിടം നിർമ്മിക്കാനാണ് തീരുമാനം. കെട്ടിട നിർമ്മാണ രൂപരേഖയ്ക്ക് ഉടൻ ഭരണാനുമതി ലഭിക്കും. തുടർന്ന് ടെൻഡർ നടപടികൾക്ക് തുടക്കമാവുമെന്നും എംഎൽഎ അറിയിച്ചു.

കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വാപ്‌കോസ് ലിമിറ്റഡിലെ എൻജിനീയർ സന്ദീപ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണ് പരിശോധ നടത്തുന്നത്. മണ്ണ് പരിശോധന നടക്കുന്ന സ്ഥലം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ അഡ്വ. ബിന്ദു റെജി, വൈസ് പ്രസിഡന്റ് പി.എസ്. സതീഷ് കുമാർ, ഭരണ സമിതി അംഗങ്ങളായ അഡ്വ. ജേക്കബ് സ്റ്റീഫൻ, ബിച്ചു ആൻഡ്രൂസ് ഐക്കാട്ടുമണ്ണിൽ, എലനിയാമ്മ ഷാജി, ഷൈനി മാത്യൂസ് എന്നിവർ സന്ദർശിച്ചു.