കൊച്ചി: അജ്ഞാത വാഹനം ഇടിച്ച് അപകടമുണ്ടായാലും നഷ്ടപരിഹാരം ലഭിക്കും. അപേക്ഷ നൽകേണ്ടത് അപകടം നടന്ന സ്ഥലത്തെ ആർഡിഒയ്ക്കാണെന്നു ഹൈക്കോടതി വ്യക്തമാക്കി. നഷ്ടപരിഹാരത്തിനായി നിർദിഷ്ട ഫോമിൽ രേഖകൾ സഹിതം ആർഡിഒയ്ക്ക് അപേക്ഷ നൽകിയാൽ മത്. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ വാഹനം കണ്ടെത്താനായില്ലെങ്കിലും ഇത്തരം കേസുകളിൽ നഷ്ടപരിഹാരം നൽകാനായി പദ്ധതി കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ജനങ്ങൾക്ക് അജ്ഞതയുണ്ടെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.

അജ്ഞാത വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങളിൽ മരണമുണ്ടായാൽ 25,000 രൂപയും ഗുരുതര പരുക്കാണെങ്കിൽ 12500 രൂപയുമാണു നഷ്ടപരിഹാരം നൽകുന്നത്. അജ്ഞാത വാഹനം ഇടിക്കുന്ന കേസുകളിൽ കൃത്യമായ നടപടിക്രമവും നഷ്ടപരിഹാരം നൽകാൻ സമയപരിധിയുമുണ്ട്. നഷ്ടപരിഹാരത്തിനായി നിർദിഷ്ട ഫോമിൽ രേഖകൾ സഹിതം അപേക്ഷ ലഭിച്ചാൽ അന്വേഷണം നടത്തി ക്ലെയിംസ് എൻക്വയറി ഓഫിസറായ ആർഡിഒ റിപ്പോർട്ട് നൽകും. തുടർന്ന് ജില്ലാ കലക്ടറാണ് ക്ലെയിംസ് സെറ്റിൽമെന്റ് ഓഫിസർ എന്ന നിലയിൽ ഉത്തരവിടുന്നത്.

അപേക്ഷ ലഭിച്ചാൽ എഫ്‌ഐആർ, ഇൻക്വസ്റ്റ് റിപ്പോർട്ട്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, പരുക്കേറ്റ കേസുകളിലാണെങ്കിൽ പരുക്ക് സംബന്ധിച്ച സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ലഭ്യമാക്കേണ്ടത് ക്ലെയിംസ് എൻക്വയറി ഓഫിസറുടെ ഉത്തരവാദിത്തമാണ്. ക്ലെയിംസ് എൻക്വയറി ഓഫിസറുടെ റിപ്പോർട്ട് ലഭിച്ച് 15 ദിവസത്തിനകം ക്ലെയിംസ് സെറ്റിൽമെന്റ് കമ്മിഷണർ ഉത്തരവിടണം. സെറ്റിൽമെന്റ് കമ്മിഷണർ രേഖകൾ ഇൻഷുറൻസ് കമ്പനിയുടെ നോമിനേറ്റഡ് ഓഫിസർക്കു നൽകണമെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ വർഷം നവംബർ 2ന് കളമശേരിയിൽ അപകടമുണ്ടാക്കിയ ശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ സ്‌കൂട്ടർ യാത്രക്കാരൻ ആലുവ സ്വദേശി വി.കെ.ഭാസി നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. ഇദ്ദേഹം കളമശേരി പൊലീസിൽ പരാതി നൽകിയെങ്കിലും ഇടിച്ച കാർ കണ്ടെത്താനായില്ല. നഷ്ടപരിഹാരത്തിനായി അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് ഹർജി നൽകിയത്. അപേക്ഷയും രേഖകളും സഹിതം ഒരുമാസത്തിനകം ക്ലെയിംസ് എൻക്വയറി ഓഫിസർക്കു നൽകാൻ ഹർജിക്കാരനു ഹൈക്കോടതി നിർദ്ദേശം നൽകി. ക്ലെയിംസ് എൻക്വയറി ഓഫിസർ അപേക്ഷ ലഭിച്ച് ഒരുമാസത്തിനുള്ളിൽ ക്ലെയിംസ് സെറ്റിൽമെന്റ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകണം. റിപ്പോർട്ട് ലഭിച്ച് 15 ദിവസത്തിനുള്ളിൽ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നു ക്ലെയിംസ് സെറ്റിൽമെന്റ് കമ്മിഷണർക്കും കോടതി നിർദ്ദേശം നൽകി.