- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനക്കേസ്; ഡിഎൻഎ പരിശോധന പ്രതിയുടെ അവകാശങ്ങളുടെ ലംഘനമല്ല: രക്ത പരിശോധനയ്ക്ക് പ്രതിയുടെ സമ്മതം ആവശ്യമില്ലെന്നും ഹൈക്കോടതി
കൊച്ചി: പീഡനക്കേസ് ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ ഡിഎൻഎ പരിശോധനയ്ക്കു രക്തസാംപിൾ എടുക്കുന്നതു പ്രതിയുടെ അവകാശങ്ങളുടെ ലംഘനമല്ലെന്നു ഹൈക്കോടതി. ഡിഎൻഎ പരിശോധനയ്ക്ക് രക്ത സാംപിൾ ശേഖരിക്കാൻ പ്രതിയുടെ സമ്മതം ആവശ്യമില്ല. സ്വയം പ്രതികൂല തെളിവ് നൽകുന്നതിൽ നിന്നു പ്രതിക്കുള്ള ഭരണഘടനാ സംരക്ഷണം ഇതിനു ബാധകമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ഒന്നാംപ്രതി പത്തനംതിട്ട സ്വദേശി ദാസ് നൽകിയ ഹർജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. തന്റെ അനുവാദമില്ലാതെ ഡിഎൻഎ പരിശോധന അനുവദിച്ചതിനെതിരെയാണു പ്രതി കോടതിയിലെത്തിയത്. എന്നാൽ കോടതി ഇദ്ദേഹത്തിന്റെ കേസ് തള്ളുകായയിരുന്നു.
തനിക്കെതിരെ സ്വയം തെളിവു നൽകാൻ പ്രതിയെ നിർബന്ധിക്കാനാവില്ലെന്നും പീഡനക്കേസും കുട്ടിയുടെ പിതൃത്വ പരിശോധനയും തമ്മിൽ ബന്ധമില്ലെന്നും ഹർജിഭാഗം വാദിച്ചു. എന്നാൽ, ശാരീരികമായോ വാക്കാലോ തനിക്കെതിരെ സ്വയം തെളിവു നൽകുന്നതിൽ നിന്നാണു പ്രതിക്കു സംരക്ഷണം ഉള്ളതെന്നും രക്ത സാംപിൾ പരിശോധന അതുപോലെ അല്ലെന്നും കോടതി പറഞ്ഞു. കുട്ടിയുടെ പിതൃത്വം പരിശോധിക്കുന്നത് ഈ കേസിൽ പ്രസക്തമാണെന്നും വ്യക്തമാക്കി. ശാസ്ത്ര പുരോഗതിയുടെ ഇക്കാലത്ത് ഫൊറൻസിക് സയൻസും അതിന്റെ ഭാഗമായുള്ള ഡിഎൻഎ പരിശോധനയും നീതിനിർവഹണത്തിൽ അംഗീകരിക്കപ്പെടുന്നതാണെന്നും കോടതി പറഞ്ഞു.
ക്രിമിനൽ നടപടി ചട്ടത്തിൽ 2005ൽ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് പീഡനക്കേസ് പ്രതികളുടെയും അതീജീവിതരുടെയും മെഡിക്കൽ പരിശോധന സാധ്യമാണ്. ഇതനുസരിച്ച് ഡിഎൻഎ പരിശോധനയും നടത്താം. തുടരന്വേഷണവും അന്വേഷണത്തിന്റെ ഭാഗമാണ്. മാത്രമല്ല, പ്രതിയുടെ പോസിറ്റിവ് ഡിഎൻഎ പരിശോധനാഫലം പീഡനക്കേസുകളിൽ ശക്തമായ തെളിവാണെന്നു സുപ്രീംകോടതി വിധിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസ് ഇങ്ങനെ
1997ൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കോന്നി പൊലീസ് ആണു കേസ് എടുത്തത്. പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചതായി ആരോപിച്ച് കൂട്ടുകാരെയും പ്രതിചേർത്തു. പൊലീസ് അന്വേഷണ റിപ്പോർട്ട് നൽകിയെങ്കിലും രണ്ടും മൂന്നും പ്രതികളെ മാത്രമാണ് ആദ്യഘട്ടത്തിൽ വിചാരണയ്ക്കു ലഭ്യമായത്. വിചാരണക്കോടതി അവരെ വിട്ടയച്ചു. തുടർന്നാണു മറ്റു പ്രതികൾ ഹാജരായത്. രണ്ടാംഘട്ട വിചാരണ നടക്കുന്നതിനിടെ, തുടരന്വേഷണം ആവശ്യമാണെന്നു പൊലീസ് അറിയിച്ചു. എന്നാൽ, രക്ത സാംപിൾ എടുക്കാൻ പ്രതി സഹകരിച്ചില്ല. തുടർന്ന്, പ്രതിയുടെ സാംപിൾ എടുക്കാൻ സെഷൻസ് കോടതി അനുവദിച്ചതു ചോദ്യം ചെയ്താണു ഹർജി. കീഴ്‌ക്കോടതിയുടെ ഈ ഉത്തരവിൽ തെറ്റില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.



