വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി തോട് അടച്ചതോടെ വെള്ളം വീടുകളിലേക്ക് ഇരച്ചു കയറി ദുരിതം. പുതുക്കി പണിയുന്ന കരിമ്പനപ്പാലത്തിനു സമീപം തോട് അടച്ചതാണ് നാട്ടുകാർക്ക് ദുരിതമായി മാറിയത്. ഇതിൽ പ്രതിഷേധിച്ച് സ്ത്രീകൾ ഉൾപ്പെടെ നാട്ടുകാർ രാത്രി ദേശീയപാത ഉപരോധിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യം കലർന്ന ജലം ഈ തോട്ടിലേക്കാണ് ഒഴുകി എത്തുന്നത്.

ഈ ഭാഗത്ത് ചെറിയ തോതിൽ രണ്ട് ദിവസമായി മഴ പെയ്യുന്നുമുണ്ട്. അതോടെ കരിമ്പനത്തോട്ടിൽ വെള്ളം ഉയരുകയും അത് വീടുകളിലേക്ക് കയറുന്ന സ്ഥിതിയുമായി. രണ്ട് വീട്ടുകാർ താമസം മാറേണ്ടി വന്ന സാഹചര്യത്തിലാണ് ജനം റോഡ് ഉപരോധിച്ചത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുമായി സംസാരിച്ച് നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്ന് പ്രതിഷേധക്കാർ പിരിഞ്ഞു പോയി. കരിമ്പനത്തോട് അടച്ചാൽ വെള്ളം ഉയരുമെന്ന കാര്യം പരിസരവാസികൾ കരാറുകാരോട് പറഞ്ഞിരുന്നു. നടപടിയായി തോട്ടിൽ പൈപ്പ് സ്ഥാപിക്കുകയാണ് ചെയ്തത്. ചെറിയ പൈപ്പ് കാരണം വെള്ളം വേണ്ടത്ര ഒഴിഞ്ഞു പോകാതിരുന്നപ്പോൾ അക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും ദേശീയപാത അഥോറിറ്റിയോട് പറയാൻ പറഞ്ഞതായി നാട്ടുകാർ പറഞ്ഞു.

മാസങ്ങൾക്ക് മുൻപ് പാലത്തിന്റെ പണി തുടങ്ങിയപ്പോൾ തോട് നികത്തിയിരുന്നു. അന്നത്തെ മഴയിൽ പുതിയ ബസ് സ്റ്റാൻഡ് ഭാഗത്ത് വെള്ളം പൊങ്ങി ലക്ഷങ്ങളുടെ നാശമുണ്ടായി. അതിനു ശേഷം നഗരസഭയുടെ അഭ്യർത്ഥന മാനിച്ച് തോടിന്റെ ഒരു ഭാഗം മാത്രം നികത്തിയായിരുന്നു പണി നടത്തിയത്. എന്നിട്ടും മഴയിൽ ചെറിയ തോതിൽ വെള്ളം പൊങ്ങിയിരുന്നു. തുലാവർഷം ശക്തമാകാൻ സാധ്യത ഉള്ളതു കൊണ്ട് വീട്ടുകാരും കച്ചവടക്കാരും ആശങ്കയിലാണ്.