- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഞ്ചിയൂർ വിഷ്ണു വധക്കേസ്: ശിക്ഷ റദ്ദാക്കി ആർ.എസ്.എസ്. പ്രവർത്തകരെ വിട്ടയച്ചതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: സിപിഎം. പ്രവർത്തകൻ വഞ്ചിയൂർ സ്വദേശി വി.വി. വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ട ആർ.എസ്.എസ്. പ്രവർത്തകരുടെ ശിക്ഷ റദ്ദാക്കി വിട്ടയച്ചതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു.
നാല് ദൃക്സാക്ഷികളുള്ള കേസിൽ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി. ഹമീദ് ആണ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്.
വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ്. പ്രവർത്തകരായ 11 പ്രതികളുടെ ഇരട്ട ജീവപര്യന്തം ശിക്ഷയുൾപ്പെടെ 13 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ആർ.എസ്.എസ്. നേതാക്കളെ ആക്രമിച്ചതുൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ വിഷ്ണുവിനെ 2008 ഏപ്രിൽ ഒന്നിന് കൈതമുക്ക് പാസ്‌പോർട്ട് ഓഫീസിനു മുന്നിൽ വച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.




