തിരുവനന്തപുരം: സംസ്ഥാനത്ത് വൻ ലഹരി വേട്ട. തിരുവനന്തപുരത്തും വയനാട്ടിലും തൊടുപുഴയിലും എംഡിഎംഎ പിടികൂടി. കേസിൽ അഞ്ച് പേർ പിടിയിലായി. തിരുവനന്തപുരം വർക്കലയിൽ രണ്ട് യുവാക്കളാണ് പിടിയിലായത്. വർക്കല സ്വദേശികളായ ദിലീപ്, അരുൺ എന്നിവരാണ് റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ കോടതി റോഡിൽ വച്ച് സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ മയക്കുമരുന്നുമായി പിടിയിലായത്.

സ്‌കൂട്ടറിന്റെ സീറ്റിന് അടിയിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. അരുണിന്റെ പോക്കറ്റിൽ നിന്ന് നിട്രാസെപാം ഗുളികകളും കണ്ടെടുത്തു. ലഹരി വിരുദ്ധ ടീമിന്റെ പ്രത്യേക ഡ്രൈവിന്റെ ഭാഗമായായിരുന്നു പരിശോധന.

വയനാട്ടിൽ തിരുനെല്ലി കാട്ടിക്കുളത്ത് 106 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരാണ് പിടിയിലായത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഫാരിസ്, ഹഫ്സീർ എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്ക് എത്തിച്ച മയക്കുമരുന്നാണ് പൊലീസ് പിടികൂടിയത്. കാട്ടിക്കുളത്ത് പൊലീസ് എയ്ഡ് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

കളിപ്പാട്ടത്തിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ഇതിന് മുൻപും പ്രതികൾ മയക്കുമരുന്ന് കടത്തിയതായാണ് വിവരം. വാണിജ്യ അടിസ്ഥാനത്തിൽ എത്തിച്ച് വൻ തുകയ്ക്കാണ് സംഘം മയക്കുമരുന്നു വിൽപന നടത്തിയിരുന്നതെന്നാണ് സൂചന. ഈ അടുത്ത കാലത്ത് വയനാട്ടിൽ പൊലീസ് നടത്തിയ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണ് കാട്ടിക്കുളത്തേത്.

തൊടുപുഴയിൽ എംഡിഎംഎയും കഞ്ചാവും വിൽപ്പന നടത്തിയിരുന്ന യുവാവാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. തൊടുപുഴ ഇടവെട്ടി സ്വദേശി ഷാൽബിൻ ഷാജഹാനാണ് പിടിയിലായത്. ഇയാൾക്ക് ലഹരി മരുന്നകൾ നൽകുന്ന സംഘത്തെകുറിച്ച് എക്‌സൈസും പൊലീസും അന്വേഷണം തുടങ്ങി. കൊച്ചിയടക്കം മധ്യകേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് തമിഴ്‌നാട്ടിൽ നിന്നും ലഹരിയെത്തിക്കുന്നത് തൊടുപുഴ കേന്ദ്രീകരിച്ചാണെന്ന വിവരം പൊലീസിനും എക്‌സൈസിനുമുണ്ട്.

ഇതിനിടെ തൊടുപുഴയിലെ സ്വകാര്യ മെഡിക്കൽ -ലോ കോളേജുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വിൽപ്പനയെകുറിച്ചുള്ള വിവരവും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഷാൽബിൻ ഷാജഹാൻ പിടിയിലാകുന്നത്. കോളേജ് വിദ്യാര്ത്ഥികൾക്കിടയിൽ ലഹരി വില്ക്കുന്ന പ്രധാന കണ്ണിയാണ് ഇയാളെന്നാണ് എക്‌സൈസ് സംഘം വിശദീകരിക്കുന്നത്. വലയിലാകുമ്പോൾ ഷാൽബിന്റെ കൈവശം എട്ടു ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു.