കണ്ണൂർ: ഏറ്റെടുത്ത ചുമതലകൾ ആത്മാർത്ഥതയോടും സത്യസന്ധവുമായി നിറവേറ്റാൻ എന്ത് ത്യാഗത്തിനും തയ്യാറായ നേതാവാണ് സതീശൻ പാച്ചേനിയെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ അനുസ്മരണ സമ്മേളനം ഡിസിസി ഓഫീസിലെ എൻ രാമകൃഷ്ണൻ സ്മാരക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സതീശൻ പാർട്ടിയോടു കാണിച്ച കൂറും അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും പാർട്ടിക്ക് ഒരിക്കലും മറക്കാനാകില്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തേക്ക് കടന്നുവന്ന സതീശൻ കയറിയ ഓരോ പടവുകളും കഷ്ടതകളുടെയും യാതനകളുടെയുമാണ്. അദ്ദേഹത്തിന്റെ വിയോഗം മൂലം പാർട്ടിക്കുണ്ടായ നഷ്ടം വിവരണാതീതമാണ്. സതീശനെ പോലെ വളരെ കൃത്യനിഷ്ഠയോട് കൂടി ജീവിതം മുന്നോട്ടു കൊണ്ടു പോയ ഒരാൾക്ക് ഇത് സംഭവിച്ചത് ഏറെ വേദനാജനകമാണ്. നിഷ്‌ക്കളങ്കവും സുതാര്യവുമായ പ്രവർത്തനമാണ് അദ്ദേഹത്തിന്റേത് ഒരു വലിയ നേതാവിൽ കാണുന്ന മികവാണ് ചെറുപ്പക്കാരനായ സതീശന്റെ പ്രവർത്തനമെന്നും കെ സി പറഞ്ഞു.

ചടങ്ങിൽ ഡിസിസി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു.മുൻ മന്ത്രി കെ.സി ജോസഫ് കെ പി സി സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, സണ്ണി ജോസഫ് എം എൽ.എ ,മേയർ അഡ്വ. ടി ഒ മോഹനൻ, മുൻ എംഎൽഎമാരായ കെ പി കുഞ്ഞിക്കണ്ണൻ, പ്രൊഫ എ ഡി മുസ്തഫ, വി എ നാരായണൻ, സജീവ് മാറോളി, പി ടി മാത്യു, ചന്ദ്രൻ തില്ലങ്കേരി, കെ.പ്രമോദ് , കെ സി മുഹമ്മദ് ഫൈസൽ,ഷമാ മുഹമ്മദ്, മുഹമ്മദ് ബ്ലാത്തൂർ, എൻ പി ശ്രീധരൻ, എം പി ഉണ്ണിക്കൃഷ്ണൻ, ടി ജയകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു