- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം; തലയിലൂടെ ആസിഡ് വീണ യുവതിയുടെ ശരീരത്തിൽ 60 ശതമാനം പൊള്ളൽ: ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ
മലപ്പുറം: യുവതിയുടെ ശരീരത്തിൽ ഭർത്താവ് ആസിഡ് ഒഴിച്ചു പൊള്ളിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശിനി ഹഷാന ഷെറിനാണ് (27) ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. ഇന്നലെ പുലർച്ചെ പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലാണു സംഭവം.
ആക്രമണത്തിന് പിന്നാലെ ഹഷാനയുടെ ഭർത്താവ് കൂരാട് സ്വദേശി ഷാനവാസിനെ (30) പൊലീസ് കസ്റ്റഡിയിലെടുത്തു. ഹഷാനയുടെ ശരീരത്തിൽ ആസിഡ് വീണപ്പോൾ തട്ടിമാറ്റുന്നതിനിടയിൽ പൊള്ളലേറ്റ ഷാനവാസും മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്. ആക്രമണം ചെറുക്കുന്നതിനിടെ ഹഷാനയുടെ പിതാവിനും മാതാവിനും സഹോദരിക്കും ചെറിയ രീതിയിൽ പൊള്ളലേറ്റു.
കുടുംബപ്രശ്‌നങ്ങളാണ് ആസിഡ് ആക്രമണത്തിൽ കലാശിച്ചത്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടർന്ന് ഏതാനും മാസങ്ങളായി പിരിഞ്ഞുകഴിയുകയാണ്. ഇന്നലെ പുലർച്ചെ മൂന്നോടെ ചെമ്പ്രശ്ശേരി അമ്പലക്കള്ളിയിലെ ഹഷാനയുടെ വീട്ടിലെത്തിയ ഷാനവാസ്, ഹഷാനയുടെ തലയിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഹഷാനയ്ക്ക് 60 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. പാണ്ടിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



