- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിര വണ്ടിയിൽ കേരളം ചുറ്റാനിറങ്ങി ഇരട്ട സഹോദരങ്ങൾ; നാടിനെ അറിയാൻ ഗോഡ്വിന്റെയും ഗ്ലോറിന്റെയും വ്യത്യസ്ത യാത്ര
തൃക്കരിപ്പൂർ: നാടു ചുറ്റാനും നാട്ടാരെ അറിയാനും കുതിര വണ്ടിയിൽ യാത്ര പുറപ്പെട്ടിരിക്കുകയാണ് കോട്ടയത്തെ ഇരട്ട സഹോദരങ്ങളായ ഗോഡ്വിനും ഗ്ലോറിനും. ഇരുവരും പരിപാലിച്ചു വളർത്തുന്ന അലക്‌സിയെന്ന കുതിര വലിക്കുന്ന വണ്ടിയിലാണ് യാത്ര. ഇന്നലെ പുലർച്ചെ തൃക്കരിപ്പൂർ ഗ്രാമത്തിൽ നിന്നു യാത്ര തിരിക്കുമ്പോൾ ഇരുവരും പ്രത്യേക ലക്ഷ്യമൊന്നും വച്ചില്ല. നാടു കാണുക, നാടിന്റെ ഭംഗി ആസ്വദിക്കുക. ഒപ്പം വിവിധ നാടുകളിലെ ജനങ്ങളെയും ജീവിതവും അറിയുക, അത്രമാത്രമാണ് ഇരുവരുടേയും ലക്ഷ്യം.
കോട്ടയം ജില്ലയിലെ നാട്ടകം സ്വദേശികളാണ് ഇരുവരും. ഇരുവരുടേയും ഏറെ നാളത്തെ ആഗ്രഹമാണ് ഈ നാടു ചുറ്റൽ. മൂന്ന് കുതിരകളുടെ ഉടമകളാണ് ഈ സഹോദരങ്ങൾ. അതിലൊന്നാണ് കേരള പര്യടനത്തിനു സജ്ജമാക്കിയ അലക്‌സി. 12 ജില്ലകളിലൂടെയാണ് കുതിരയാത്ര കടന്നുപോകുന്നത്. വയനാടും ഇടുക്കിയും ഒഴികെയാണിത്. ഓരോ ജില്ലകളിലും ഏതൊക്കെ വഴികളിലൂടെ കടന്നുപോകുമെന്നു മുൻകൂട്ടി നിശ്ചയിച്ചിട്ടില്ല. ഗൂഗിൾ മാപ്പും സുഹൃത്തുക്കളുടെ നിർദേശവും യാത്രാറൂട്ടിനു ഉപയോഗപ്പെടുത്തും. ദിനവും ശരാശരി 20-25 കിലോമീറ്റർ യാത്രയാണ് തീരുമാനിച്ചതെന്നു ഗോഡ്വിൻ പറഞ്ഞു.
ഒന്നര വർഷം മുൻപാണ് വെള്ളയിൽ പുള്ളി കലർന്ന കത്യാവരി ഇനത്തിലെ അലക്‌സിയെ സഹോദരങ്ങൾ സ്വന്തമാക്കിയത്. ബിരുദധാരികളായ ഇരുവരും കാവൽറി ഹോഴ്‌സ് റൈഡിങ് ക്ലബ് എന്ന സ്ഥാപനം നടത്തി വരുന്നുണ്ട്. യാത്രയ്ക്ക് അലക്‌സിയെ ഒരുക്കുമ്പോൾ ആവശ്യമായ തയ്യാറെടുപ്പുകളും ഒരുക്കിയിരുന്നു. വണ്ടിക്ക് അര ലക്ഷം രൂപയോളം ചെലവഴിച്ചു. സോളർ വിളക്കുകളും സ്റ്റൗ ഉൾപ്പെടെയുള്ള അത്യാവശ്യം സൗകര്യങ്ങളും വണ്ടിക്കകത്തുണ്ട്. അലക്‌സിക്കായി ഓട്‌സ്, ബാർലി, തവിട് തുടങ്ങിയവയും ഇവരുടെ കയ്യിലുണ്ട്.



