ചെന്നൈ: ഫ്രിജ് പൊട്ടിത്തെറിച്ചതിനെത്തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച് സഹോദരങ്ങളായ മൂന്ന് പേർ മരിച്ചു. ചെങ്കൽപെട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയിലുണ്ടായ അപകടത്തിൽ കോതണ്ഡരാമൻ നഗർ ജയലക്ഷ്മി സ്ട്രീറ്റിലെ അപ്പാർട്‌മെന്റിന്റെ ഒന്നാം നിലയിൽ താമസിക്കുന്ന സഹോദരങ്ങളായ വി.ഗിരിജ (63), എസ്.രാധ (55), എസ്.രാജ്കുമാർ (48) എന്നിവരാണു മരിച്ചത്.

രാജ്കുമാറിന്റെ ഭാര്യ ഭാർഗവി (40), മകൾ ആരാധന (7) എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഒരു വർഷമായി അടഞ്ഞു കിടന്ന സ്വന്തം അപാർട്‌മെന്റിൽ കഴിഞ്ഞ രണ്ടിനാണ് ഇവർ താമസിക്കാനെത്തിയത്.

കഴിഞ്ഞ ദിവസം പുലർച്ചെ ഫ്രിജിൽ പൊട്ടിത്തെറി ഉണ്ടായി. വയറുകൾ കത്തി മുറിയിൽ വ്യാപിച്ച പുകയിൽ നിന്നു വമിച്ച വിഷ വാതകങ്ങൾ ശ്വസിച്ചതാകാം മരണകാരണമെന്നു പൊലീസ് പറഞ്ഞു.