റാന്നി: 34-ാംവയസ്സിൽ നടത്തിയ മോഷണത്തിന് 71-ാം വയസ്സിൽ പിടിയിലായി. 1985-ൽ രജിസ്റ്റർചെയ്ത റബ്ബർഷീറ്റ് മോഷണക്കേസിലെ പ്രതിയായ അത്തിക്കയം കരികുളം ചെമ്പനോലി മേൽമുറി പൊടിയനെ (71) വെച്ചൂച്ചിറ പൊലീസ് കലഞ്ഞൂർ പോത്തുപാറയിൽ വനത്തിൽ ഒളിച്ചുകഴിയുന്നിടത്തുനിന്ന് അറസ്റ്റുചെയ്യുകയായിരുന്നു.

മോഷണത്തിനുശേഷം പൊടിയൻ ഒളിവിൽ പോയതാണ്. ഇയാളുമായി ബന്ധുക്കൾക്കോ, നാട്ടുകാർക്കോ ബന്ധമില്ലായിരുന്നു. എവിടെയാണെന്നും ആർക്കും അറിവില്ലായിരുന്നു. പോത്തുപാറ വനത്തിൽ ഒളിച്ചു താമസിക്കുന്നതായി വെച്ചൂച്ചിറ പൊലീസ് ഇൻസ്‌പെക്ടർ ജെസ്ലിൻ വി.സ്‌കറിയയ്ക്ക് രഹസ്യവിവരം ലഭിച്ചു. തുടർന്ന് പൊലീസ് ഇവിടെയെത്തി തന്ത്രപൂർവം പിടികൂടുകയായിരുന്നു. പൊലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്‌ഐ. സായ് സേനൻ, എസ്.സി.പി.ഒ. സാംസൺ, സി.പി.ഒ.മാരായ കെ.എസ്.വിഷ്ണു, ലാൽ, ശ്യാംകുമാർ എന്നിവരും ഉണ്ടായിരുന്നു.