ന്യൂഡൽഹി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിൽ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പത്തു ശതമാനം സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജിയിൽ തിങ്കളാഴ്ച സുപ്രീം കോടതി വിധി പറയും.

വിഷയവുമായി ബന്ധപ്പെട്ട 103-ാം ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ.ബി. പാർദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധിപ്രസ്താവിക്കുക.

തൊഴിലിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണമാണ് മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയത്. ഇത് ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് ഹർജികൾ. സെപ്റ്റംബർ 27-നായിരുന്നു ഏഴ് ദിവസം നീണ്ട വാദം കേൾക്കൽ അവസാനിച്ചത്. തുടർന്ന് വിധി പ്രസ്താവനയ്ക്കായി മാറ്റിവെക്കുകയായിരുന്നു.