അഹമ്മദാബാദ്: ഗുജറാത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ തങ്ങളാണ് രണ്ടാമതെന്നും ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഡിസംബറിൽ നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അഞ്ചിൽ താഴെ സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നും കെജ്രിവാൾ പറഞ്ഞു. ആരാണ് കോൺഗ്രസിനെ ഗൗരവത്തിലെടുക്കുയെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യ ടുഡേ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഗുജറാത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. 'ഗുജറാത്തിലെ ജനങ്ങൾക്ക് മാറ്റമാണ് ആവശ്യം. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നില്ലെങ്കിൽ ഞങ്ങൾക്ക് ഇടം ലഭിക്കില്ലായിരുന്നു. മുപ്പത് ശതമാനത്തോളമാണ് ഞങ്ങളുടെ വോട്ട് വിഹിതം. പഞ്ചാബിൽ ഞങ്ങൾ സർക്കാർ രൂപവത്കരിച്ചു. ഗുജറാത്തിൽ ചില വ്യത്യാസങ്ങളുണ്ട്. ഗുജറാത്തിൽ കോൺഗ്രസ് അഞ്ചിൽ താഴെ സീറ്റുകളിൽ മാത്രമേ ജയിക്കൂ. ഞങ്ങളാണ് രണ്ടാമത്' അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

പഞ്ചാബ് നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാരിനെ നിലംപരിശാക്കി നേടിയ ഉജ്ജ്വലവിജയം ഗുജറാത്തിലും ആവർത്തിക്കുകയെന്നതാണ് ആം ആദ്മി പാർട്ടിയുടെ ലക്ഷ്യം. എ.എ.പിയുടെ കടന്നുവരവ് ഗുജറാത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ എത്രത്തോളം മാറ്റിമറിക്കുമെന്നാണ് ഇക്കുറി എല്ലാവരും ഉറ്റുനോക്കുന്നത്. ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള ആംആദ്മി പാർട്ടി ഗുജറാത്തിൽ 182 സീറ്റിലും മത്സരിക്കുന്നുണ്ട്. മാസങ്ങൾക്കുമുമ്പേ പ്രചാരണങ്ങൾക്കും തുടക്കം കുറിച്ചു.

പാർട്ടി ദേശീയ കൺവീനർ കൂടിയായ അരവിന്ദ് കെജ്രിവാൾ മിക്ക ആഴ്ചകളിലും വാഗ്ദാനങ്ങളുമായി ഗുജറാത്തിൽ വിമാനമിറങ്ങുകയും പ്രചാരണസമ്മേളനങ്ങളിൽ പ്രസംഗിക്കുന്നുമുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഡൽഹിയിലെ മന്ത്രിമാരും ഇതിനകം ഗുജറാത്തിൽ എത്തിയിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായി പാർട്ടി 108 സ്ഥാനാർത്ഥികളെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു.