തിരുവനന്തപുരം: ലോകത്തിലെ ഏത് രാജ്യവുമായും കിടപിടിക്കുന്നതാണ് കേരളത്തിലെ വിദ്യാഭ്യാസരംഗമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ആൻഡ് റിസർച്ച് (ഐഎംഡിആർ) സംഘടിപ്പിച്ച ഡോ. സി എൻ പുരുഷോത്തമൻനായർ അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡിനുശേഷം തൊഴിൽമേഖലയിൽ വലിയ മാറ്റമുണ്ടായെന്നും വീട്ടിൽനിന്ന് അധികം ദൂരത്തിലല്ലാതെ ജോലിചെയ്യാനുള്ള വർക്ക് നിയർ ഹോം സംവിധാനം സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ടെന്നീസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ ഐഎംഡിആർ ചെയർമാൻ ഡി കെ ശശികുമാർ അധ്യക്ഷനായി. ഐഎംഡിആർ ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്‌കാരം എംജി കോളേജ് മുൻ പ്രിൻസിപ്പൽ പി ഹരികുമാരൻ നായർക്ക് മന്ത്രി നൽകി. ഡോ.സി വി ജയമണി, ഡോ. വി എസ് സന്തോഷ്, പ്രൊഫ. കെ ജി സി നായർ, പ്രൊഫ. പി രഘുനാഥൻനായർ, ഡോ. വി ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.