തിരുവല്ല: തിരുവല്ലയിലെ കുറ്റൂരിൽ നിന്നും 650 ഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിന്റെ പിടിയിലായി. കെട്ടിട നിർമ്മാണ തൊഴിലാളികളായ അസം ബരുവപ്പാര മംഗലോഡി ജില്ലയിയിൽ ഫാജിൽ വീട്ടിൽ ഫജൽ ഹഖ്, ഡറാങ്ക് സ്വദേശി അൽത്താബ് അലി എന്നിവരാണ് പിടിയിലായത്. ഷാഡോ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് താമസ സ്ഥലത്തിന് സമീപത്ത് നിന്നും വൈകിട്ട് ഏഴു മണിയോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

ട്രെയിൻ മാർഗം എത്തിക്കുന്ന കഞ്ചാവ് അഞ്ചു ഗ്രാമിന്റെയും 10 ഗ്രാമിന്റെയും ചെറു പൊതികളിലാക്കി ആവശ്യക്കാർക്ക് വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ നിന്നും നിരവധി എ.ടി.എം കാർഡുകളും പണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷക്കാലമായി ഇത്തരത്തിൽ കഞ്ചാവ് എത്തിച്ചിരുന്നതായി പിടിയിലായവർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.

ഇവരെ കൂടാതെ മറ്റ് ഇതര സംസ്ഥാന തൊഴിലാളി സംഘങ്ങളും ഇത്തരത്തിൽ തിരുവല്ല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്നതായി പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണവും ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.