തെങ്കാശി: കേരള തമിഴ്‌നാട് അതിർത്തിയിലെ തെങ്കാശി ജില്ലയിൽ കരടിയുടെ ആക്രമണം. ജനവാസ മേഖലയിലെത്തിയ കരടി ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ആക്രമിച്ചു. കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികരായ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിൽനിന്നും 30 കിലോമീറ്റർ അകലെയുള്ള കടയത്തിനു സമീപം ശിവശൈലം ഗ്രാമത്തിൽ ഞായറാഴ്ച രാവിലെ 7നാണ് സംഭവം. ശിവശൈലം സ്വദേശിയായ വൈകുണ്ഠസ്വാമി, നാഗേന്ദ്രൻ, ശൈലപ്പൻ എന്നിവർക്കാണ് പരുക്കേറ്റത്.

ബൈക്കിൽ ഒറ്റയ്‌ക്കെത്തിയ വൈകുണ്ഠസ്വാമിയെ ആണ് കരടി ആദ്യം ആക്രമിച്ചത്. കടയിലേക്കുള്ള സാധനങ്ങളുമായി ബൈക്കിൽ വരുന്ന വഴിക്കാണ് കരടി ആക്രമിക്കുന്നത്. ഈ സമയം ഇതുവഴി മറ്റൊരു ബൈക്കിൽ വന്ന നാഗേന്ദ്രനും ശൈലപ്പനും വൈകുണ്ഠസ്വാമിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കരടി ഇവരെയും ആക്രമിക്കുക ആയിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ കല്ലെറിഞ്ഞും ബഹളംവച്ചും കരടിയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കരടി പിന്മാറിയത്.

നാട്ടുകാർ അറിയിച്ചതനുസരിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി മൂന്നുപേരെയും തിരുനെൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. രാത്രി ഏഴുമണിയോടെ വനംവകുപ്പ് മയക്കുവെടിവച്ച് കരടിയെ പിടികൂടി. കരടി ആക്രമണത്തിൽനിന്നും ജനങ്ങളെ രക്ഷിക്കണമെന്നും കരടിയെ വെടിവച്ചുകൊല്ലണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ശിവശൈലം ഫോറസ്റ്റ് ഓഫിസ് ഉപരോധിച്ചു. സമരത്തെ തുടർന്ന് ആലംകുളം ഡിവൈഎസ്‌പി പൊന്നരശ്, കടയം റേഞ്ച് ഓഫിസർ കരുണാമൂർത്തി എന്നിവർ നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ കരടിയെ കൂടുവെച്ച് പിടികൂടുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

ശിവശൈലം ഗ്രാമത്തിൽ കരടി ഇറങ്ങുന്നത് പതിവാണെങ്കിലും ജനങ്ങളെ ആക്രമിക്കുന്നത് ആദ്യമായിട്ടാണ്. കരടിയെ പതിവായി ഗ്രാമവാസികൾ കണാറുണ്ടെങ്കിലും ജനങ്ങളെ കാണുമ്പോൾ ഓടി മറയുകയായിരുന്നു പതിവ്. എന്നാൽ ഞായറാഴ്ച രാവിലെ പതിവിനു വിപരീതമായ സംഭവമാണ് ഇവിടെ നടന്നത്. കരടി ആക്രമിക്കാൻ കാരണമെന്താണെന്ന അന്വേഷണത്തിലാണ് വനംവകുപ്പ്.