കണ്ണൂർ: തളിപറമ്പ് അറ്റ്ലസ് ജൂവലറിയിൽ നിന്നും മൂന്ന് പവന്റെ സ്വർണവള മോഷ്ടിച്ച കേസിലെ പ്രതികളായ മൂന്ന് സ്ത്രീകളെ കൊയിലാണ്ടിയിൽ നിന്നും പിടികൂടി.സമാനമായ രീതിയിൽ കൊയിലാണ്ടിയിലും മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ജൂവലറി വ്യാപാരികൾ ഇവരെ പിടികൂടി പൊലിസിൽ ഏൽപ്പിച്ചത്. കൊയിലാണ്ടിയിലെ സന്തോഷ് ജൂവലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജെനെ എത്തിയതായിരുന്നു ഇവർ.

ജൂവലറി ഉടമ ഉമ്മത്ത് സേട്ടുവിന്റെ മകൻ കടയിലേക്ക് കയറിയ ഉടൻ ഇവരെ തിരിച്ചറിയുകയും അവിടെ തന്നെ പിടിച്ചുവയ്ക്കുകയുമായിരുന്നു. ഇതിനിടെയിലാണ് നേരത്തെ ജൂവലറിയിൽ എത്തിയ ഇവരുടെ സംഘാഗമായ മൂന്നാമത്തെ സ്ത്രീ ഓടി രക്ഷപ്പെട്ടത്. കടയിലുണ്ടായിരുന്ന സ്ത്രീകളെ കൊയിലാണ്ടി പൊലിസെത്തി കസ്റ്റഡിയിലെടുത്തു. ഇവർ കണ്ണൂരിലെ ജൂവലറിയിൽ നിന്നും മോഷണം നടത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

ജൂവലറി ഉടമകളുടെ ഗ്രൂപ്പിലും ഇതു പ്രചരിച്ചിരുന്നു. ഇതാണ് മോഷ്ടക്കാളെ പെട്ടെന്ന് പിടികൂടാൻ സഹായകരമായത്. തളിപറമ്പിലെ അറ്റ്ലസ് ജൂവലറിയിൽ കവർച്ച നടത്തുമ്പോഴും മൂന്നാമത്തെ സ്ത്രീ ജൂവലറിയിലുണ്ടായിരുന്നു. തിങ്കളാഴ്‌ച്ച വൈകുന്നേരം ആറുമണിയോടെയാണ് തളിപറമ്പിലെ അറ്റ്ലസ് ജൂവലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനെ മൂന്ന് സ്ത്രീകൾ കവർച്ച നടത്തിയത്.

ഒരു പവൻ തൂക്കം വരുന്ന മൂന്ന് വളകളാണ് ഇവർ സെയിൽസ് മേന്റെ കണ്ണുവെട്ടിച്ച് മോഷ്ടിച്ചു കടന്നത്. അരമണിക്കൂറിനുള്ളിൽ തന്നെ ജൂവലറി ഉടമയ്ക്ക് മോഷണം നടന്നതായി മനസിലായിരുന്നു. ഇതോടെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങൾ സംസ്ഥാനത്തെ മുഴുവൻ ജൂവലറികളിലേക്കും വാട്സ് ആപ്പ് ഗ്രൂപ്പുവഴി അയക്കുകയായിരുന്നു. പ്രതികളെ തളിപറമ്പ് എസ്. ഐ ദിനേശന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിലെത്തി കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം തളിപറമ്പ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്തുവരികയാണ്.