കല്ലുവാതുക്കൽ: കരാറുകാരനിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിലായി. കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത്. വെള്ളിമൺ നന്തിരിക്കൽ 'സിനയൽ' വീട്ടിൽ ജോണി ജെ.ബോസ്‌കോയാണ് അറസ്റ്റിലായത്. ബിൽ മാറുന്നതിൽ കാലതാമസം വരുത്തുകയും 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്‌തെന്ന കരാറുകാരന്റെ പരാതിയിലിയാരുന്നു വിജിലൻസ് സംഘം ബോസ്‌കോയെ തെളിവോടെ പൊക്കിയത്.

ഇന്നലെ ഉച്ചയ്ക്ക് 2.30ന് അസിസ്റ്റന്റ് എൻജിനീയറുടെ ചേംബറിൽ, പഞ്ചായത്തിലെ റോഡ് നിർമ്മാണ കരാറുകാരനായ ചാത്തന്നൂർ കുമ്മല്ലൂർ സ്വദേശി സജയന്റെ പക്കൽ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. ബിൽ മാറുന്നതിൽ കാലതാമസം വരുത്തുകയും 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തതോടെ സജയൻ വിജിലൻസിനു പരാതി നൽകിയിരുന്നു. ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കൈക്കൂലിയുടെ ആദ്യ ഗഡുവായി 15,000 രൂപ ഓഫിസിൽ വച്ച് അസിസ്റ്റന്റ് എൻജിനീയർക്കു കൈമാറി.

ഈ സമയം പഞ്ചായത്ത് ഓഫിസിൽ ഉണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ ജോണി ബോസ്‌കോയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗ്രാമപ്പഞ്ചായത്തിലെ പുത്തൻപാലം- പുതിയപാലം, ചാവരുകാവ്- ചെറുകാവ്, ഊഴായ്‌ക്കോട്- വെട്ടിലഴികം എന്നീ റോഡുകളുടെ കരാർ തുകയായ12.5 ലക്ഷം രൂപയുടെ ബിൽ മാറുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഡിവൈഎസ്‌പി ഹരി വിദ്യാധരൻ, ഇൻസ്‌പെക്ടർമാരായ വി.ജോഷി, എസ്.ജയകുമാർ, എസ്‌ഐ പി.കെ.രാജേഷ്, ഷിബു സക്കറിയ, എഎസ്‌ഐ ജയഘോഷ്, സിപിഒ അമ്പിളി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ തിരുവനന്തപുരം കോടതിയിൽ ഹാജരാക്കുമെന്നു വിജിലൻസ് അധികൃതർ പറഞ്ഞു.