കണ്ണൂർ:കാർഷിക അറിവുകൾ പുതുതലമുറക്ക് അന്യമാവുന്നത് തടയുന്നതിനായി കൃഷിയെയുംം മണ്ണിനെയും പ്രകൃതിയേയും കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവ് നൽകുന്ന 'കൃഷിപാഠം' പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്.- കൃഷി സംസ്‌കാരമായി മാറുന്ന തരത്തിൽ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിലെ കുട്ടികൾക്കായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കൃഷിപാഠം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.വിദ്യാലയത്തിലും വീട്ടിലും കൃഷിയുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകൾ അന്വേഷിച്ചറിയുന്ന യുവതലമുറയെ വാർത്തെടുക്കുക, വിദ്യാർത്ഥികളിൽ കാർഷിക ചിന്തകളും അഭിരുചിയും അഭിനിവേശവും വളർത്തിയെുക്കുക എന്നി ലക്ഷ്യങ്ങൾ മുൻനിർത്തി ഗവേഷണാത്മക രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.

കൃഷി അന്തസ്സുള്ള തൊഴിലും സംസ്‌കാരവുമാണെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തുക, ഹൈസ്‌ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം കുട്ടികളിൽ കാർഷിക പ്രവർത്തനത്തിൽ താല്പര്യമുണ്ടാക്കുക, കാർഷിക ഉല്പാദന രംഗത്തെക്കുറിച്ചും അതിന്റെ ആധുനിക മാർഗ്ഗത്തെയും പരിചയപ്പെടുത്തുക, പരമ്ബരാഗത അറിവുകൾ പകർന്നു നൽകുക, കാർഷിക മേഖല ജീവിതോപാധി ആക്കുന്നതിനും ആ മേഖലയിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക, പരിസ്ഥിതി സംരക്ഷണവും പ്രകൃതിയോട് ഇണങ്ങിയ ജീവിത വീക്ഷണവും കുട്ടികളിൽ വളർത്തിയെടുക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കൃഷിയിൽ താല്പര്യമുള്ള 50 കുട്ടികളുടെ കൃഷിക്കൂട്ടം രൂപീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. വിദ്യാലയത്തിലെ ആകെ കുട്ടികളുടെ 10 മുതൽ 20 ശതമാനം വരെ കുട്ടികൾ അംഗങ്ങളാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പ്രദേശത്തെ മികച്ച കർഷകർ, കൃഷി ഓഫീസർമാർ, ശാസ്ത്ര അദ്ധ്യാപകർ തുടങ്ങിയവർ അംഗങ്ങളായ വാട്സ് ആപ്പ് ഗ്രൂപ്പ് പഞ്ചായത്ത് അടിസ്ഥാനത്തിൽ രൂപീകരിക്കും. വിദ്യാർത്ഥികളുടെ ദൈനം ദിന കാർഷിക പ്രവർത്തികൾ ഇതുവഴി പങ്കുവെക്കാം.

കാർഷിക പ്രവർത്തികളുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി ഗ്രൂപ്പിൽ ചോദ്യങ്ങൾ ചോദിക്കാം. കൃഷി ഓഫീസർമാർ, കർഷകർ, അദ്ധ്യാപകർ തുടങ്ങിയവർ കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകും. പദ്ധതിയുടെ ഭാഗമായി അദ്ധ്യാപകർക്ക് ബി.ആർ.സി തലങ്ങളിൽ ഏകദിന പരിശീലനം നൽകും. വിദ്യാർത്ഥികൾക്ക് കാർഷിക ശില്പശാല സംഘടിപ്പിക്കും.

വിദ്യാലയത്തിൽ നഴ്സറികൾ സ്ഥാപിക്കുക, വിദ്യാർത്ഥികൾക്ക് നല്ലയിനം വിത്തുകളും തൈകളും വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങളും നടപ്പിലാക്കും. പദ്ധതിയുടെ തുടക്കം എന്ന നിലയിൽ പദ്ധതിയിൽ അംഗമാവുന്ന ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വീടുകളിൽ പരിശീലനം നൽകും.വിത്തുകൾ, തൈകൾ മുതലായവ നടുന്നതും പരിപാലനം ചെയ്യുന്നതും രേഖപ്പെടുത്തുകയും പരിശോധിക്കുകയും ചെയ്യും. ലഭിക്കുന്ന ഉല്പന്നങ്ങൾ വിദ്യാലയ അടുക്കളയിലേക്ക് വാങ്ങുന്നതിനുള്ള സംവിധാനം ഒരുക്കുകയും ലഭിക്കുന്ന വരുമാനം കൃഷി കൂട്ടത്തിന്റെ പ്രവർത്തനത്തിന് ഉപയോഗിക്കുകയും ചെയ്യും.

പദ്ധതിയിൽ അംഗമാവുന്ന മുഴുവൻ വിദ്യാലയങ്ങളിലും കൃഷിത്തോട്ടങ്ങൾ ഒരുക്കണം. പച്ചക്കറി തോട്ടത്തിലെ ഉല്പന്നങ്ങൾ സ്‌കൂൾ അടുക്കളയിലും പുറത്തും വിൽക്കാം.നല്ല വിദ്യാലയ പച്ചക്കറിത്തോട്ടവും വിദ്യാർത്ഥികളിൽ നിന്ന് നല്ല കർഷകരെയും തെരഞ്ഞെടുക്കും. ബി.ആർ.സി തലത്തിലും ജില്ലാതലത്തിലും വിജയികളെ കണ്ടെത്തി ആദരിക്കുകയും സമ്മാനം നൽകുകയും ചെയ്യും. മികച്ച അദ്ധ്യാപക കർഷകരെ തെരഞ്ഞെടുക്കും.

കൃഷിക്കൂട്ടത്തിന്റെ പ്രവർത്തനങ്ങൾ പരിപാലിക്കുന്ന മാഗസിൻ തയ്യാറാക്കുകയും വിദ്യാർത്ഥികളുടെയും വിദ്യാലയങ്ങളുടെയും മികച്ച പ്രവർത്തനങ്ങൾ പ്രതിപാദിക്കുകയും ചെയ്യും. അദ്ധ്യാപകർക്ക് ആധുനിക മാർഗ്ഗങ്ങളെ സംബന്ധിച്ച് നിരന്തര ബോധവത്ക്കരണവും, വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ശില്പശാലകളും സംഘടിപ്പിക്കും