തളിപ്പറമ്പ്: തളിപ്പറമ്പിലെ ജൂവലറി കവർച്ച നടത്തിയ സ്ത്രീകൾ പ്രൊഫഷനൽ അന്തർ സംസ്ഥാന മോഷണ സംഘത്തിലെ അംഗങ്ങളെന്ന് പൊലീസ്. തളിപറമ്പ് നഗരത്തിലെ അറ്റ്ലസ് ജൂവലറിയിൽ പട്ടാപ്പകൽ കവർച്ച നടത്തിയ ആന്ധ്രസ്വദേശിനികളായ ആനന്ദിയെയും കനിമൊഴിയെയും പൊലിസ് അറസ്റ്റു ചെയ്തുവെങ്കിലും ഇവർ മോഷ്ടിച്ചുവെന്നു കരുതുന്ന മൂന്ന് പവൻ സ്വർണവളകണ്ടെത്തിയില്ല. ഇതു പൊലിസ് പിടിയിൽ നിന്നും രക്ഷപ്പെട്ട മൂന്നാമത്തെ സ്ത്രീയുടെ കൈയിലാണെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്.

പ്രതികളെ ചോദ്യം ചെയ്യുന്നതിനായി കൊയിലാണ്ടിയിൽ നിന്നും തളിപറമ്പ് പൊലിസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങിയെങ്കിലും ഇവരിൽ നിന്നും കൂടുതൽ വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്നാണ് വിവരം. ഇവരോടൊപ്പം തളിപ്പറമ്പ് അറ്റ്ലസ് ജൂവലറിയിൽ കവർച്ച നടത്താനുണ്ടായിരുന്ന മോഷണ സംഘാംഗമായ മൂന്നാമത്തെ സ്ത്രീ കൊയിലാണ്ടിയിൽവെച്ചു പൊലിസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടിരുന്നു. ഇവരെ ഇനിയും കണ്ടെത്താൻ പൊലിസിന് കഴിഞ്ഞിട്ടില്ല. മോഷ്ടിക്കുന്ന സ്വർണം മറ്റുള്ളവർക്ക് അതിവേഗം തന്നെ കൈമാറുന്നതാണ് ഇവരുടെ രീതിയെന്നാണ് പൊലിസ് സംശയിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം കേസുകളിൽ പ്രതികളായവരിൽ നിന്നും മോഷണ മുതൽ കണ്ടെടുക്കൽ ദുഷ്‌കരമാണ്. പ്രതികളെ അടുത്ത ദിവസം തന്നെ അറ്റ്ലസ് ജൂവലറിയിലെത്തിച്ചു തെളിവെടുക്കുമെന്ന് പൊലിസ് അറിയിച്ചു.

ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ ആനന്ദിയെ(39)യും കനിമൊഴിയെയു(38)മാണ് തളിപറമ്പ് പൊലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഒൻപതിന് സഹോദരിമാരായ ഇരുവരും തളിപറമ്പിലെ അറ്റ്ലസ് ജൂവലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജെനെ എത്തി വളകൾ കവരുകയായിരുന്നു. ഇതിനു ശേഷം കൊയിലാണ്ടിയിലെ ഒരു ജൂവലറിയിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാർ ഇവരെ തിരിച്ചറിഞ്ഞു പിടികൂടി പൊലിസിൽ ഏൽപ്പിക്കുന്നത്.ഇതിനിടെയിൽ ഇവരുടെ കൂടെയുണ്ടായിരുന്ന മൂന്നാമത്തെ സ്ത്രീ രക്ഷപ്പെടുകയായിരുന്നു.

മോഷണകേസിൽ പിടിയിലായ ആനന്ദിയും കനിമൊഴിയും കേരളത്തിൽ കവർച്ച നടത്താനായി എത്തിയത് ഏജന്റുമുഖെനെയാണെന്നാണ് പൊലിസിന്റെ പ്രാഥമികനിഗമനം. മോഷണവസ്തുവിന്റെമൂല്യമനുസരിച്ചാണ് ഇവർ കമ്മിഷൻ ലഭിച്ചിരുന്നുവെന്നാണ് സൂചന. ആന്ധ്രിയിൽ നിന്നും ഏജന്റുമാർ സ്ത്രീകളെ നാഷനൽ പെർമിറ്റു ലോറിമാർഗമാണ് കേരളത്തിലെത്തിക്കുന്നതെന്നാണ് പൊലിസ് നൽകുന്ന വിവരം.

നല്ലവേഷവിധാനത്തോടെ സഞ്ചരിക്കുന്ന ഇവർ സ്വർണം വാങ്ങാനെന്ന വ്യാജെനെ ജൂവലറിയിലെത്തി മോഷണം നടത്തുകയാണ് പതിവ്. കേരളത്തിൽ മറ്റെവിടെയെങ്കിലും ഇവർ ഇത്തരത്തിൽ ആഭരണം മോഷ്ടിച്ചതായി പൊലിസിന് വിവരം ലഭിച്ചിട്ടില്ല. അതേ സമയം ഇത്തരത്തിൽ സ്ത്രീകളെ ഉപയോഗപ്പെടുത്തി ഇതരസംസ്ഥാനക്കാരായ മോഷണസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.