മൂന്നാർ: സർക്കാരും രാജ്ഭവനുമായുള്ള ഏറ്റുമുട്ടൽ തുടരുമ്പോൾ വിവാദത്തിലൊന്നും പെടാതെ മൂന്നാറിലും ഒരു രാജ്ഭവൻ സ്ഥിതി ചെയ്യുന്നുണ്ട്. നാട്ടിൽ ചൂടുകൂടുമ്പോൾ തിരുവിതാംകൂർ രാജാവു കുടുംബാംഗങ്ങളും താമസിച്ചിരുന്ന ദേവികുളത്തെ ബംഗ്ലാവ്. 1920ൽ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളാണ് ഈ കെട്ടിടം നിർമ്മിച്ചത്. നാട്ടിൽ ചൂട് കൂടുന്ന മാസങ്ങളിൽ രാജാവിനും മറ്റു കുടുംബാംഗങ്ങൾക്കും തണുത്ത കാലാവസ്ഥയിൽ താമസിക്കുന്ന തിനുള്ള വേനൽക്കാല വസതിയായിട്ടാണു കെട്ടിടം നിർമ്മിച്ചത്.

തിരുവനന്തപുരത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന മാർച്ച് ആദ്യവാരം തന്നെ രാജാവും പരിവാരങ്ങളും ഇവിടെയെത്തും. പിന്നീടുള്ള മൂന്നു മാസക്കാലം രാജകൊട്ടാരത്തിന്റെ പ്രവർത്തനം ദേവികുളത്തു നിന്നായിരുന്നു. മഴക്കാലമാകുന്നതോടെ രാജസംഘം മടങ്ങിയിരുന്നത്. സ്വാതന്ത്ര്യാനന്തരം ഈ വസതി ഗവർണറുടെ രാജ്ഭവനാക്കി മാറ്റി. പതിറ്റാണ്ടുകളോളം രാജ്ഭവനായി പ്രവർത്തിച്ചിരുന്ന കെട്ടിടം അടുത്ത നാളിൽ വിനോദ സഞ്ചാര വകുപ്പ് ഏറ്റെടുത്തു സർക്കാർ അതിഥി മന്ദിരമാക്കി.

നാലു മുറികളും അടുക്കള, ഭക്ഷണശാല, വിശാലമായ പാർക്കിങ്, ജോലിക്കാർക്ക് വിശ്രമിക്കുന്നതിനുള്ള പ്രത്യേക മുറികൾ എന്നിവയാണു കെട്ടിടത്തിലുള്ളത്. ഇതിൽ ഒരു മുറി വിവിഐപികൾക്കു മാത്രമുള്ളതാണ്. നിലവിൽ ഗവർണറുടെ രാജ് ഭവനും സർക്കാരും തമ്മിൽ വിവിധ വിഷയങ്ങളിൽ പരസ്യമായ ഏറ്റുമുട്ടലുകൾ തുടരുമ്പോഴും ഇതൊന്നും അറിയാതെ, എത്തുന്ന അതിഥികൾക്ക് വിരുന്നൊരുക്കുകയാണ് പഴയ ഈ രാജ്ഭവൻ.