തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ക്രൈംബ്രാഞ്ചിന് നേരിട്ടാണ് മൊഴി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കത്ത് വ്യാജമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ തന്നെ പറഞ്ഞിട്ടുണ്ട്. മേയർക്ക് നേരെ നടക്കുന്നത് വ്യക്തിഹത്യയാണെന്നും ക്രൈം ബ്രാഞ്ചിന് കൊടുത്ത മൊഴി മാധ്യമങ്ങളോട് പങ്കുവയ്ക്കേണ്ടതില്ലെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.

മേയർക്ക് നേരെയുള്ള അക്രമം വളരെ മോശമായ കാര്യമാണ്. ചില മാധ്യമങ്ങൾ അതിന് കൂട്ടുനിൽക്കുന്നുവെന്നും ആനാവൂർ നാ?ഗപ്പൻ ആരോപിച്ചു. ഒരു നയാ പൈസയുടെ അഴിമതി മേയറുടെ പേരിൽ ഇതുവരെ ഉണ്ടായിട്ടില്ല. മേയർ രാജിവയ്ക്കേണ്ടതില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു. കത്ത് വിവാദത്തിൽ അന്വേഷണ കമ്മീഷന്റെ കാര്യം പാർട്ടി ആലോചിച്ച് തീരുമാനിക്കും. ഇത് കോൺഗ്രസല്ല, സിപിഐഎമ്മിന് അതിന്റെതായ രീതിയുണ്ട് അതനുസരിച്ചു മുന്നോട്ട് പോകുമെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.

അതേസമയം ആനാവൂർ നാഗപ്പന്റെ മൊഴി നേരിട്ട് എടുത്തിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കത്ത് വിവാദത്തിൽ മേയർ രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാകുന്നത് വരെ നടപടികൾ ആവശ്യമില്ലെന്നും സിപിഐഎമ്മിൽ ധാരണയായിട്ടുണ്ടെന്നാണ് വിവരം. ക്രൈംബ്രാഞ്ചിന് പിന്നാലെ വിജിലൻസും പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ആര്യ രാജേന്ദ്രന്റെയും ഡി ആർ അനിലിന്റെയും കത്തുകൾ അന്വേഷണ സംഘം പരിശോധിക്കും. വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് എസ്‌പി കെ ഇ ബൈജുവിനാണ് അന്വേഷണ ചുമതല. നഗരസഭയിലെ പിൻവാതിൽ നിയമനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ കൗൺസിലർ ശ്രീകുമാർ ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.