തിരുവനന്തപുരം: നിയമ മന്ത്രി പി. രാജിവിന്റെ നിയമ വകുപ്പിൽ 18 താൽക്കാലിക നിയമനങ്ങൾ. നിയമനങ്ങൾ ഒന്നും എംപ്ലോയ്‌മെന്റ് വഴി അല്ല എന്നതാണ് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്. ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിൽ ആണ് ഈ നിയമ വിരുദ്ധ പ്രവൃത്തി നടന്നിരിക്കുന്നത്. ഓഫിസ് അറ്റൻഡന്റ് 14 , ഡ്രൈവർ 3, കമ്പ്യൂട്ടർ അസിസ്റ്റന്റ് 1 എന്നിങ്ങനെയാണ് താൽക്കാലിക നിയമനങ്ങൾ നടന്നത്.

പാർട്ടിയുമായി ബന്ധപ്പെട്ട ആളുകൾ ആണ് ഇവരെല്ലാം. ഇവർക്ക് ശമ്പളം കൊടുക്കാൻ ഒരു വർഷം 30 ലക്ഷം രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത്. നിയമവകുപ്പിൽ നിന്ന് ഒക്ടോബർ 6 ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം 2.45 ലക്ഷം രൂപയാണ് സെപ്റ്റംബർ മാസത്തെ ശമ്പളത്തിനായി ഇവർക്ക് വേണ്ടി ചെലവഴിച്ചത്. 40 ഓഫിസ് അറ്റൻഡന്റ്മാർ നിയമ വകുപ്പിൽ സ്ഥിരം തസ്തികയിൽ ജോലി ചെയ്യുന്നുണ്ട്.

ഇതിന് പുറമേയാണ് പാർട്ടിക്കാരായ 18 പേരെ താൽക്കാലിക തസ്തികകളിലേക്ക് എടുത്തത്. പേപ്പർ രഹിത ഫയലുകൾ (ഇ ഫയലുകൾ) ആണ് നിയമ വകുപ്പിൽ കൂടുതലും . ഒറ്റ ക്ലിക്കിന് ഫയലുകൾ ഒരു കമ്പ്യൂട്ടറിൽ നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്ക് പറന്ന് പോകുമ്പോൾ ഓഫിസ് അറ്റൻഡന്റിന് ജോലി ഇല്ലെന്ന് തന്നെ പറയാം. ഒരു ജോലിയും ഇല്ലാതെ, ഓരോ വർഷവും 30 ലക്ഷം ചെലവഴിച്ച് പിൻ വാതിലൂടെ കയറിയ പാർട്ടിക്കാരായ നിയമവകുപ്പിലെ താൽക്കാലിക ജീവനക്കാരെ എന്തിനാണ് സർക്കാർ തീറ്റിപോറ്റുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.