തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകൾക്ക് കീടനാശിനി കമ്പനികളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി കിട്ടാൻ സർക്കാർ നൽകിയ കേസിൽ പത്ത് കമ്പനി എം.ഡിമാർ ഡിസംബർ ആറിനകം കാര്യവിവര പത്രിക ഹാജരാക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം രണ്ടാം അഡീ. സബ് കോടതി ജഡ്ജി ലൈജു മോൾ ഷെരീഫിന്റെതാണ് ഉത്തരവ്.

നാല് എംഡിമാർ നേരത്തേ കാര്യ വിവര പത്രിക സമർപ്പിച്ചിരുന്നു. കാസർഗോഡ് ജില്ലയെയും സമീപ ജില്ലയെയും ജീവനാശത്താലും കൃഷി നാശത്താലും ദുരിതക്കയത്തിലാഴ്‌ത്തിയ എൻഡോസൾഫാൻ കീടനാശിനി പ്രയോഗത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും അംഗവൈകല്യം സംഭവിച്ചവർക്കും കൃഷി നാശം സംഭവിച്ചവർക്കും സർക്കാർ നേരിട്ട് നൽകിയ 161 കോടി രൂപ 15 കൊലയാളി കമ്പനികളിൽ നിന്നും ഈടാക്കി കിട്ടണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച കേസിൽ പ്ലാന്റേഷൻ കോർപ്പറേഷനടക്കം 14 കമ്പനികളുടെ മാനേജിങ് ഡയറക്ടർമാരാണ് പ്രതികൾ.

സംസ്ഥാന സർക്കാരിന് വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടർ വാദിയായി ഫയൽ ചെയ്ത നഷ്ടപരിഹാരക്കേസിലാണ് പ്രതികളായ 14 കമ്പനി മേധാവിമാരോട് കോടതിയിൽ ഹാജരാകാൻ സബ് കോടതി ഉത്തരവിട്ടത്. അന്യായപ്പട്ടിക സംഖ്യയായ 161 കോടി രൂപയുടെ 1 /15 തുക വീതം പ്രതികളിലും അവരുടെ സ്ഥാവര , ജംഗമ സ്വത്തുക്കളിലും സ്ഥാപിച്ച് ഈടാക്കിയെടുക്കുന്നതിന് മുന്നോടിയായാണ് എക്‌സ് പാർട്ടിയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

കോടതിയിൽ ഹാജരായ ഒന്നാം പ്രതി ബെയർ ഇന്ത്യ ലിമിറ്റഡ് കമ്പനി എം.ഡി സിവിൾ നിയമ നടപടി ക്രമത്തിലെ ഓർഡർ 8 റൂൾ 1 പ്രകാരം തർക്കം കാണിച്ച് കാര്യ വിവര പത്രിക ആദ്യം സമർപ്പിച്ചിരുന്നു.

നാനൂറോളം പേരുടെ മരണത്തിനിടയാക്കിയ എൻഡോസൾഫാൻ കീടനാശിനിയുടെ നിർമ്മാണ കമ്പനികളായ ബെയർ ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ്‌സ് ലിമിറ്റഡ്, റാലിസ് ലിമിറ്റഡ്, ക്രോപ് കെയർ, ഭാരത് പൾവേർസിങ് മിൽസ് ലിമിറ്റഡ്, ബീക്കെ പെസ്റ്റിസൈഡ് സ് പ്രൈവറ്റ് ലിമിറ്റഡ്, കാർഡമം പ്രോസസ്സിങ് ആൻഡ് മാർക്കറ്റിങ്, കർണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, കിൽപെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ലൂപ്പിൻ ആഗ്രോ കെമിക്കൽസ് ( ഇന്ത്യ ) ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്‌സ് ലിമിറ്റഡ്, കർണ്ണാടക ആന്റിബയോട്ടിക്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, മധുസൂധൻ ഇൻഡസ്ട്രീസ്, ബ്ലൂ ക്രിസ്റ്റൽ ആഗ്രോ കെമിക്കൽസ് ലിമിറ്റഡ്, ഷാ വാലസ് ആൻഡ് കമ്പനി ലിമിറ്റഡ്, പൊതുമേഖലാ കമ്പനിയായ പ്ലാന്റേഷൻ കോർപ്പറേഷൻ കേരള ലിമിറ്റഡ് എന്നിവരാണ് നഷ്ട പരിഹാരക്കേസിലെ 1 മുതൽ 16 വരെയുള്ള പ്രതികൾ.