കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും സംഘർഷം പുകയുന്നു. ഇന്നലെ വീണ്ടും കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. രാത്രി കാപ്പതടവുകാരനായ തൃശൂർ സ്വദേശി തീക്കാറ്റ് സാജൻ മറ്റൊരു കാപ്പതടവുകാരനായ എർണാകുളത്തെ അമലിനെ വടിയെടുത്ത് അടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

സെൻട്രൽ ജയിലിൽ കഞ്ചാവ്, മൊബൈൽ ഫോൺ കേസുകൾക്ക് പുറമേ തടവുകാരുടെ കൈയാങ്കളിയും പതിവായി മാറുന്നത് സുരക്ഷാഭീഷണിയുയർത്തുന്നുണ്ട്. ഓട്ടോറിക്ഷയിൽ ജയിലനകത്തേക്ക് കഞ്ചാവ് കടത്തിയ സംഭവത്തിൽ സുരക്ഷാവീഴ്‌ച്ച തെളിഞ്ഞതിനെ തുടർന്ന് ജയിൽ സൂപ്രണ്ട് സാജനെഒരുമാസം മുൻപ് സ്ഥലം മാറ്റിയിരുന്നു.

എന്നാൽ ഇദ്ദേഹത്തിന് പകരം മറ്റൊരാളെ ഇതുവരെ നിയമിച്ചിട്ടില്ല. ഇന്നലെ സഹതടവുകാരെ മർദ്ദിച്ച തീക്കാറ്റ് സാജൻ കഴിഞ്ഞ മാസം ഒൻപതിന് ജയിലിലുണ്ടായ മറ്റൊരു കേസിലും പ്രതിയാണ്. അന്ന് സാജന്റെ കൈയിൽ ഫോണുണ്ടെന്ന വിവരം മറ്റൊരു തടവുകാരൻ ജയിൽ അധികൃതരോട് പറഞ്ഞവെന്നു ആരോപിച്ചായിരുന്നു മർദ്ദനം. കഴിഞ്ഞ ദിവസം തൃശൂർ സ്വദേശികളായ കാപ്പസ്വദേശികളും ബിജെപി പ്രവർത്തകരും ഏറ്റുമുട്ടിയതിൽ മൂന്ന് പേർക്ക് പരുക്കേറ്റിരുന്നു.