കണ്ണൂർ: കേരള-കർണാടക വനാതിർത്തിയായ കാനംവയലിന് സമീപം മരുതം തട്ടിൽ കാണപ്പെട്ട ആയുധധാരികൾ മാവോയിസ്റ്റുകളെല്ലെന്ന് പൊലിസ് സ്ഥിരീകരിച്ചു. വനത്തിൽ നായാട്ടിനെത്തിയ സംഘമാണ് ഇതെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായത്. പന്തപ്പള്ളി ബേബിയുടെ ചെറുവീട്ടിൽ ബാബുവാ(45)ണ് വെള്ളിയാഴ്‌ച്ച ഉച്ചയോടെ ആയുധധാരികളെ വനത്തിൽ കണ്ടത്.

സംഘത്തിൽ മൂന്നുപേരുണ്ടായിരുന്നുവെന്നും ഇതിൽ ഒരാൾ സ്ത്രീയാണെന്നും ബാബു പറഞ്ഞിരുന്നു. സാധാരണ വേഷം ധരിച്ചവരായിരുന്നു. തന്നെ കണ്ടതോടെ മുഖം തിരിച്ചതിനാൽ അവരെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും പെട്ടെന്ന് തന്നെ കാട്ടിനുള്ളിൽ മറഞ്ഞുവെന്നും ബാബു പറഞ്ഞിരുന്നു. സ്ഥല ഉടമയോട് പറഞ്ഞതിനെ തുടർന്ന് ഉടൻ ചെറുപുഴ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു.

ഇതേ തുടർന്ന് ചെറുപുഴ എസ്. ഐ. പി.സി സഞ്ജയ്കുമാറിന്റെ നേതൃത്വത്തിൽ ഈ മേഖലയിൽ വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ മാവോയിസ്റ്റുകളെ കണ്ടെത്താനായില്ല. വനാതിർത്തിയിൽ കുറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരിൽ ചിലർ വനത്തിൽ നായാട്ടു നടത്താറുണ്ട്. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘമാണ് നായാട്ടിന് പോകുന്നത്. ഇവരെയാണ് ബാബു കണ്ടതെന്നാണ് പൊലിസ് പറയുന്നത്.