കണ്ണൂർ: നിയമവാഴ്‌ച്ചയും നീതിന്യായവ്യവസ്ഥയും ദുർബലപ്പെടുമ്പോൾ രാജ്യം ദുർബലപ്പെടുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ലോയോഴ്സ് യൂനിയൻ കണ്ണൂർ ജില്ലാസമ്മേളനം നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആർ. എസ്. എസ് ഭരണഘടനയ്ക്കെതിരാണ്. ഭരണഘടന ഹിന്ദുവിരുദ്ധവും അഭാരതീയവുമാണെന്ന് പറഞ്ഞാണ് ആർ. എസ്. എസ് എതിർക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിയോജിക്കുന്നവരെ കേന്ദ്രസർക്കാർ ജയിലിൽ അടയ്ക്കുകയാണ്. ഹിന്ദുരാഷ്ട്രനിർമ്മിതിക്കായി ഭരണാധികാരം കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണ്. വേദനിക്കുന്ന സമ്പന്നന്റെ കണ്ണുനീർ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കാണുന്നതെന്നും എം.ബി രാജേഷ് പറഞ്ഞു.

ലോയോഴ്സ് യൂനിയൻ ജില്ലാപ്രസി. പി. ശശി അധ്യക്ഷനായി. നേതാക്കളായ ബി.പി ശശീന്ദ്രൻ, സി.പി പ്രമോദ്,, വിനോദ് കുമാർ ചംബ്ളോൻ, കെ.വിജയകുമാർ, കെ. പ്രദീപൻ എന്നിവർ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഇന്ന് ഉച്ചയ്ക്ക് ഹൈക്കോടതി ജഡ്ജ് ഡോ.കൗസർ എടപ്പകത്ത് പ്രഭാഷണം നടത്തി.