കണ്ണൂർ:ബസിൽ കയറുന്നതിനെച്ചൊല്ലി വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ അവസാനിപ്പിക്കാൻ പൊലീസ് ഇടപെടൽ. കണ്ണൂർ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ടി.കെ രത്നകുമാർ വെള്ളിയാഴ്ച യോഗം വിളിച്ചു ചേർത്തു.എ.സി.പി.യുടെ ഓഫീസിൽ ചേർന്ന യോഗത്തിൽ തൊഴിലാളി- വിദ്യാർത്ഥി നേതാക്കളും ബസുടമസ്ഥ സംഘം പ്രതിനിധികളും പങ്കെടുത്തു. ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ ഒരുതരത്തിലും അനുവദിക്കില്ലെന്നും മിന്നൽ പണിമുടക്ക് നടത്തിയാൽ തൊഴിലാളികളെയും ബസും കസ്റ്റഡിയിൽ എടുക്കുമെന്നും അസിസ്റ്റന്റ് കമ്മിഷണർ യോഗത്തിൽ അറിയിച്ചു.

വിദ്യാർത്ഥികളും നിയമം കൈയിലെടുക്കരുത്. പരാതികൾ ഉണ്ടായാൽ പൊലീസിനെയോ മോട്ടോർ വാഹന വകുപ്പ് അധികൃതരെയോ ഉടൻ വിവരമറിയിക്കുക. ബസ് ജീവനക്കാരോ വിദ്യാർത്ഥികളോ അക്രമത്തിന് മുതിർന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് കർശന നടപടിയുണ്ടാകും. ഇരുവിഭാഗവും പരസ്പരം സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കണം- യോഗം നിർദ്ദേശിച്ചു.

തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാ ബസ്സ്റ്റാൻഡുകളിലും പൊലീസിനെ നിയോഗിക്കും. കൂടുതൽ വിദ്യാർത്ഥികളുള്ള സ്റ്റോപ്പുകളിൽ രാവിലെയും വൈകീട്ടും പൊലീസ് സാന്നിധ്യം ഉണ്ടാകും.ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം ചെറുക്കാൻ പൊലീസ് പരിശോധന നടത്തും. മദ്യപിച്ചും മയക്കുമരുന്നുകൾ ഉപയോഗിച്ചും ബസോടിക്കുന്നത് പിടിക്കപ്പെട്ടാൽ കസ്റ്റഡിയിലെടുത്ത് തുടർ നടപടിയുണ്ടാകുമെന്നും ഇവരുടെ ലൈസൻസ് റദ്ദാക്കുമെന്നും എ.സി.പി മുന്നറിയിപ്പു നൽകി.