തിരുവനന്തപുരം. കഠിനംകുളം കന്യാസ്ത്രീ മഠത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ നാല് പ്രതികൾക്കെതിരെ മൂന്ന് കുറ്റപത്രങ്ങൾ സമർപ്പിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയിലാണ് മൂന്ന് കുറ്റപത്രങ്ങൾ കഠിനംകുളം പൊലീസ് സമർപ്പിച്ചത്.

വലിയതുറ സ്വദേശികളായ മേഴ്സൺ, ഡാനിയൽ, വിവാഹിതനുമായ രഞ്ജിത്ത്, അരുൺ എന്നിവർക്കെതിരെയാണ് കുറ്റപത്രങ്ങൾ സമർപ്പിച്ചത്.

സംഭവത്തിന് മൂന്നു മാസം മുമ്പ് 16 കാരികളായ മൂന്ന് ഇരകളെ പീഡിപ്പിച്ചെന്ന കേസിലാണ് കുറ്റപത്രം. ഒരു പെൺകുട്ടിയെ ആവർത്തിച്ച് പീഡിപ്പിച്ചതിന് മേഴ്‌സൺ , ഡാനിയേൽ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് ഒരു കുറ്റപത്രം നവംബർ ഒന്നിന് പോക്‌സോ കോടതിയിൽ സമർപ്പിച്ചത്.

രഞ്ജിത്തിനെ ഏക പ്രതിയാക്കി ഒരു കുറ്റപത്രവും അരുണിനെ ഏക പ്രതിയാക്കി മറ്റൊരു കുറ്റപത്രവും സമർപ്പിക്കുകയായിരുന്നു. മൂന്ന് കേസുകളിൽ പ്രതികൾ വെവ്വേറെ വിചാരണ നേരിടേണ്ടി വരും.

കോൺവെന്റ് മതിൽ ചാടിക്കടന്ന് റൂമിനുള്ളിൽ കുറ്റകരമായി പ്രവേശിച്ച് മദ്യം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. സമൂഹ്യ മാധ്യമം വഴിയുള്ള പരിചയം പ്രണയത്തിൽ കലാശിക്കുകയായിരുന്നു. വാച്ചറുടെ കണ്ണ് വെട്ടിച്ച് കോൺവെന്റിന്റെ മതിൽ ചാടിക്കടന്ന് പെൺകുട്ടികൾ താമസിക്കുന്ന മുറിയിലേക്ക് കയറി മദ്യം നൽകി പീഡിപ്പിച്ചു എന്നാണ് കേസ്.

കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എസ് ഐ, എസ് എൽ സുധീഷ് നൈറ്റ് പട്രോളിംഗിന് പോകുന്നതിനിടെയാണ് ഓഗസ്റ്റ് 25 വെളുപ്പിന് സംശയാസ്പദമായി ഒരു ബൈക്കും രണ്ട് ജോടി ചെരുപ്പും കാണുന്നത്. വണ്ടി നിർത്തി പ്രാഥമിക പരിശോധനയിൽ തന്നെ മോഷ്ടാക്കളുടെ ബൈക്കാകാമെന്ന് പൊലീസ് ഉറപ്പിച്ചു. തുടർന്ന് തൊട്ടടുത്ത വീട്ടിലുള്ളവരെ വിളിച്ചുണർത്തി എസ് ഐ തന്നെ കാര്യം പറഞ്ഞു. വീട്ടുകാരുമായി സംസാരിച്ചു നിൽക്കവേ തന്നെ തൊട്ടടുത്ത കോൺവെന്റിന്റെ മതിൽ രണ്ട് യുവാക്കൾ ചാടി കടക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടു.

മതിൽ ചാടി കടന്ന് ഓടിയ യുവാക്കളെ പിൻതുടർന്ന് എസ്ഐ സുധീഷ് കീഴ്‌പ്പെടുത്തി. മൽപിടിത്തത്തിനിടെ യുവാക്കളുടെ ആക്രമണത്തിൽ എസ് ഐക്ക് പരിക്ക് പറ്റിയെങ്കിലും പ്രതികളെ കയ്യോടെ തന്നെ പൊലീസ് പിടിച്ചു. അസമയത്ത് കോൺവെന്റിലെ മതിൽ ചാടി കടന്നത് എന്തിന് എന്ന ചോദ്യത്തിന് കാമുകിയെ കാണാൻ വന്നത് എന്നായിരുന്നു യുവാക്കളുടെ പ്രതികരണം. ഇതിനിടെ ഉറക്കത്തിലായിരുന്നവരെല്ലാം ഉണർന്ന് എത്തി. നാട്ടുകാർ കൂടിയതോടെ യുവാക്കളുടെ പരിഭ്രമം കൂടി. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റ എസ് ഐ സുധീഷ് ചികിത്സയിലാണ്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മൂന്നു മാസം മുമ്പാണ് പഠനത്തിനായി പെൺകുട്ടികൾ കോൺവെന്റിൽ എത്തിയത്. ഇതിൽ ഒരു പെൺകുട്ടിയുടെ സുഹൃത്ത് മതിൽ ചാടി മഠത്തിലെത്തി സംസാരിച്ചിരുന്നു.

ഇയാൾ പിന്നീട് മറ്റ് രണ്ട് സുഹൃത്തുക്കളുമായി മഠത്തിലെത്തുകയും പെൺകുട്ടികളുമായി സൗഹൃദത്തിലാകുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് പ്രതികൾ പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. മിക്കവാറും ദിവസങ്ങളിലും പ്രതികൾ മഠത്തിൽ എത്തിയിരുന്നു. മദ്യവും ഭക്ഷണ സാധനങ്ങളുമായി എത്തിയിരുന്ന പ്രതികൾ പുലർച്ചെ ആണ് മടങ്ങി പോയിരുന്നത്.

പീഡനത്തിന് ശേഷം മഠത്തിന്റെ മതിൽ ചാടി പുറത്തു വരുമ്പോഴാണ് പൊലീസിന് മുമ്പിൽപ്പെടുന്നത്. പിടിയിലായ യുവാക്കളുടെ മൊഴി അനുസരിച്ചാണ് രണ്ട് പേർ കൂടി അറസ്റ്റിലായത്. മുമ്പും പീഡനത്തിന് ഇരയായതായി ഒരു പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.