കോഴിക്കോട് : കോഴിക്കോട് വൃത്തിഹീനമായി പ്രവർത്തിച്ച രണ്ട് കോഴിക്കടകൾ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ച കോഴിക്കടകളാണ് അടപ്പിച്ചത്. കോഴിക്കോട് നഗരത്തിലും പേരാമ്പ്രയിലുമായാണ് കടകൾ അടപ്പിച്ചത്.

കോഴിക്കോട് നഗരത്തിൽ ചത്ത കോഴികളെ വിൽപ്പന നടത്തിയ സംഭവത്തിൽ വിശദീകരണവുമായി നേരത്തെ വ്യാപാര സമിതി രംഗത്തെത്തിയിരുന്നു. അസുഖം ബാധിച്ച കോഴികളെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് നിസ്സാര വിലയ്ക്ക് കൊണ്ടു വന്നു വിൽക്കുന്നതാണ് കാരണമെന്നാണ് ചിക്കൻ കടയുടമകളുടെ ആരോപണം.

ഇത്തരക്കാർ ഓഫറുകൾ നൽകി ചെറിയ വിലയ്ക്ക് ചിക്കൻ വിറ്റ് ആളുകളെ കബളിപ്പിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. സംഘടന തന്നെ പലപ്പോഴായി പരാതി പറഞ്ഞിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്നാണ് മറ്റൊരു പരാതി. കോഴികളെ തിങ്ങിനിറച്ചു കൊണ്ടുവന്നതാണ് ചത്തുപോകാൻ കാരണമെന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം പറയുന്നത് ശരിയല്ല. അസുഖം ബാധിച്ച കോഴികളെ തന്നെയാണ് കൊണ്ടുവരുന്നതെന്നും ചിക്കൻ വ്യാപാര സമിതി ആരോപിച്ചു.