തിരുവനന്തപുരം: കോവളം ആഴാകുളത്ത് 14 കാരിയെ ബലാത്സംഗം ചെയ്ത് തലയ്ക്കടിച്ചു കൊന്ന കേസിൽ വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരിയെ കൊന്ന് മച്ചിൽ ഒളിപ്പിച്ച് സ്വർണം കവർന്ന കവർച്ചാ കൊലക്കേസിലെ റിമാന്റ് പ്രതികളായ ഷെഫീക്ക് , മാതാവ് റഫീക്ക ബീവി , സുഹൃത്ത് അൽ അമീൻ റഫീക്കാ ബീവിയടക്കം 3 പ്രതികളുടെ റിമാന്റ് പോക്‌സോ കോടതി 30 വരെ നീട്ടി.

പ്രതികളെ 30 ന് ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 450 ( ജീവപര്യന്ത തടവുശിക്ഷിക്കാവുന്ന കുറ്റം ചെയ്യുന്നതിന് വേണ്ടിയുള്ള ഭവനക്കൈയേറ്റം) , 376 (2)(എൻ) (ആവർത്തിച്ച് ബലാൽസംഗം ചെയ്യൽ), 302 (കൊലപാതകം) , പോക്‌സോ നിയമത്തിലെ 4 (2) , 3 (എ) , 6 , 5 (2) , 21(2) എന്നീ വകുപ്പുകൾ ചുമത്തി സെഷൻസ് കേസെടുത്തിരുന്നു. കുറ്റം ചുമത്തലിന് പ്രതികളെ ഹാജരാക്കാനാണ് ജഡ്ജി എം. പി. ഷിബു ഉത്തരവിട്ടത്.

2020 ഡിസംബർ 13 മുതൽ തുമ്പില്ലാതിരുന്ന പോക്‌സോ പീഡന കൊലപാതകമാണ് 2022 ൽ തെളിഞ്ഞത്. 2022 ജനുവരിയിൽ നടന്ന വിഴിഞ്ഞം പനവിള ശാന്തകുമാരി കൊലക്കേസ് പ്രതികളായ റഫീക്കയുടെയും ഷെഫീക്കിന്റെയും കുറ്റസമ്മത മൊഴിയിലാണ് ഇതേ പ്രതികൾ 2020 ഡിസംബർ 13ന് കോവളം ആഴാകുളത്ത് അയൽവീട്ടിലെ 14 കാരിയെ ബലാത്സംഗം ചെയ്ത് തലയ്ക്കടിച്ചു കൊന്ന സംഭവം പുറത്ത് വന്നത്. വളർത്തു മകൾ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പേരിൽ ഒരു വർഷം പൊലീസിന്റെ പീഡനത്തിനിരയായവരാണ് ഗീത - ആനന്ദ ചെട്ടിയാർ ദമ്പതികൾ.

ശാന്തകുമാരിയുടെ കൊലക്കേസ് അന്വേഷണത്തിനിടെയാണ് 1 വർഷം മുമ്പ് നടന്ന അരും കൊലയുടെ ചുരുളഴിഞ്ഞത്. കേസിലെ പ്രതികളായ റഫീക്കാ ബീവിയും മകൻ ഷെഫീക്കും പെൺകുട്ടിയെ തങ്ങളാണ് കൊലപ്പെടുത്തിയതെന്നു വെളിപ്പെടുത്തി. അതുവരെ പൊലീസിന്റെ വേട്ടയാടലും നാട്ടുകാരുടെ ഒറ്റപ്പെടലും സഹിച്ചു കഴിയുകയായിരുന്നു നിരപരാധികളായ പെൺകുട്ടിയെ 14 വർഷമായി എടുത്തു വളർത്തിയ ഗീത - ആനന്ദ ചെട്ടിയാർ വൃദ്ധ ദമ്പതികൾ.

2020 ഡിസംബർ 13 നാണ് വൃദ്ധ ദമ്പതികളുടെ വളർത്തു മകൾ ലൈംഗിക പീഡനത്തിരയായി കൊല്ലപ്പെടുന്നത്. ദമ്പതികളുടെ വീടിനടുത്താണ് റഫീക്കയും മകൻ ഷെഫീക്കും വാടകയ്ക്കു താമസിച്ചിരുന്നത്. രക്ഷിതാക്കൾ തൊഴിലുറപ്പ് ജോലിക്കു പോകുമ്പോൾ ഷെഫീക്ക് പലതവണ കുട്ടിയെ പീഡിപ്പിച്ചു. വിവരം കുട്ടി രക്ഷിതാക്കളെ അറിയിക്കുമെന്നായപ്പോഴാണ് ഇരുവരും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. എന്നാൽ രക്ഷിതാക്കളെ പ്രതിയാക്കാനാണ് കോവളം പൊലീസ് ശ്രമിച്ചത്. തുടർന്ന് 2020 ഡിസംബറിൽ ആസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസ് കുറവ് ചെയ്ത് പോക്‌സോ പീഡന കൊലക്കേസിന് 2022 ജനുവരിയിൽ കേസ് രജിസ്റ്റർ ചെയ്തു. 2022 ജൂൺ 23 ന് പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.