തലശ്ശേരി: കേന്ദ്രസർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സി പി എമ്മിനെ നിരോധിക്കണമെന്ന് എപ്പോഴെങ്കിലും തീരുമാനിച്ചാൽ അതിനെതിരെ ആദ്യം പ്രതികരിക്കുന്നത് രാഹുൽ ഗാന്ധിയും ഇന്ത്യൻനാഷണൽ കോൺഗ്രസുമായിരിക്കുമെന്ന് രമ്യ ഹരിദാസ് എം. പി പറഞ്ഞു. കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചമ്പാട് അരയാക്കൂലിലെ ചോതാവൂർ ഹയർസെക്കണ്ടറി സ്‌കൂൾ പരിസരത്ത് സംഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണ യോഗവും പ്രവർത്തന കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം പി.

എതിർക്കുന്നവരെയും ചേർത്തു നിർത്തുന്നതാണ് കോൺഗ്രസ് നിലപാട്. രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ പ്രസ്ഥാനമാണ്. ഇന്ദിരാ പ്രിയദർശിനിയും രാജീവ് ഗാന്ധിയും രാജ്യത്തിനുവേണ്ടിയാണ് ജീവൻ ബലിയർപ്പിച്ചത്. നിരവധി സ്വാതന്ത്ര സമര സേനാനികൾ രാജ്യത്തിനു വേണ്ടി ജീവൻ നൽകിയവരാണ്. ബി. ജെ. പിക്കോ പിണറായി വിജയന്റെ സിപിഎമ്മിനോ ഇത് പറയാനാവില്ല.

ബ്ലോക്ക് പ്രസിഡണ്ട് വി. സി പ്രസാദ് അധ്യക്ഷത വഹിച്ചു. കെ. പി. സി സി മെമ്പർ വി. രാധാകൃഷ്ണൻ മാസ്റ്റർ, വി. എൻ ജയരാജ്, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ട് കെ. പി സാജു എന്നിവർ സംസാരിച്ചു. അഡ്വ. സി. വി അരുൺ, എൻ. കെ പ്രേമൻ, വി. ദിവാകരൻ മാസ്റ്റർ, പി. ഭരതൻ, സി. പി പ്രസിൽബാബു, കെ. എം പവിത്രൻ മാസ്റ്റർ, ടി. പി വസന്ത, സന്ദീപ് കെ. എം, പി. ദിനേശൻ, എം. ഉദയൻ, എം. പി പ്രമോദ് നേതൃത്വം നൽകി.