തലശേരി: പ്രൈമറി വിദ്യാലയങ്ങളിൽ സ്പോർട്സ് പാഠ്യവിഷയമാക്കുമെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു.തലശ്ശേരി ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ മെമോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആറ് വർഷത്തിനകം കേരളത്തിൽ കായിക മേഖലയിൽ നടപ്പിലാക്കിയതെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ മൂലധനം സ്വികരിച്ച്
45000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ സ്വകാര്യ പങ്കാളിത്തത്തോടെ കായിക മേഖലയിൽ നടക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ പോലെ വലിയ കായിക ഇവന്റുകൾ സംസ്ഥാനത്ത് നടപിലാക്കാൻ കഴിയും. എല്ലാ പഞ്ചായത്തുകളിലും കളിക്കളം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

75 കോടി രൂപ ചെലവിൽ കണ്ണൂരിൽ അന്താരാഷ്ട്ര യോഗകേന്ദ്രം ആരംഭിക്കും.3 വർഷത്തിനകം പൂർത്തീകരിക്കും. തട്ടിപ്പുകൾ ഇല്ലാതാക്കാൻ കായിക സർട്ടിഫിക്കറ്റ് വിതരണം ഓൺലൈനാക്കി മാറ്റുമെന്നു മന്ത്രി പറഞ്ഞു. സ്പീക്കർ ആവശ്യപെട്ട പ്രകാരം തലശ്ശേരിയിൽ ജിംനേഷ്യം സെന്റർ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. തലശ്ശേരി ഗുണ്ടർട്ട് റോഡിലെ 6.2 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന 222 വർഷം പഴക്കമുള്ള സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലാണ് നവീകരിച്ചത്.

ഇതിനായി കിഫ്ബി 13 കോടി രൂപ അനുവദിച്ചിരുന്നു. എട്ട് ലൈനോട് കൂടിയ 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ബാസ്‌കറ്റ് ബോൾ, ഫുട്‌ബോൾ കോർട്ടുകൾ, 8000 പേർക്ക് ഇരിക്കാവുന്ന ഗ്യാലറി, കളിക്കാർക്ക് വസ്ത്രം മാറാനുള്ള നാല് മുറികൾ, 250 പേരെ വീതം ഉൾക്കൊള്ളുന്ന പാർട്ടി, മീറ്റിങ് ഹാളുകൾ, പൊതുജനങ്ങൾക്കുള്ള ശുചിമുറികൾ, വി ഐ പി ലോഞ്ച്, മീഡിയ റൂം, കളിക്കാർക്കുള്ള മുറികൾ, ഓഫീസ് മുറി എന്നിവയാണ് സ്റ്റേഡിയത്തിലുള്ളത്. കായിക വകുപ്പിന് കീഴിലെ സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നടത്തിപ്പ് ചുമതല.

തലശ്ശേരി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയാൽ കേരള നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു.കോടിയേരി ബാലകൃഷ്ണന്റെ ആഗ്രഹപ്രകാരമാണ് തലശ്ശേരി സ്റ്റേഡിയത്തിന് ജസ്റ്റിസ് കൃഷ്ണയ്യരുടെ പേര് നൽകിയതെന്ന് സ്പീക്കർ പറഞ്ഞു.തലശ്ശേരി നഗരത്തെ കുറിച്ച് കോടിയേരി കണ്ട സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമമാണ് താൻ ഉൾപ്പെടെയുള്ളവർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തലശ്ശേരിയുടെ പുരോഗതിക്ക് കക്ഷിരാഷ്ട്രീയത്തിനതീതമായ ഒത്തൊരുമ ഉണ്ടാകണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.

കായിക യുവജനകാര്യ വകുപ്പ് ഡയറക്ടർ എസ് പ്രേംകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. തലശ്ശേരി നഗരസഭാ അധ്യക്ഷ ജമുനാറാണി ടീച്ചർ, സ്വാഗതം പറഞ്ഞു. തലശ്ശേരി നഗരസഭാ ഉപാധ്യക്ഷൻ വാഴയിൽ ശശി, സബ് കലക്ടർ സന്ദീപ് കുമാർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, കോഴിക്കോട് കായിക യുവജനകാര്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി ആർ ജയചന്ദ്രൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ എ പ്രദീപ് കുമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.കെ രമേശൻ, എംപി.അരവിന്ദാക്ഷൻ അഡ്വ.കെ.എ.ലത്തീഫ് ,കാരായി സുരേന്ദ്രൻ, എംപി..സുമേഷ്, വർക്കി വട്ടപ്പാറ ., ഒതയോത്ത് രമേശൻ ബി.പി.മുസ്തഫ, കെ.സന്തോഷ്, പന്ന്യന്നൂർ രാമചന്ദ്രൻ ,കെ സുരേഷ്, കായിക യുവ ജനകാര്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ടി.ആർ.ജയചന്ദ്രൻഎന്നിവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് തലശ്ശേരി ഹെറിട്ടേജ് റണിന്റെ ലോഗോ പ്രകാശനം തലശ്ശേരി എ സി പി നിധിൻ രാജ് ചടങ്ങിൽ നിർവ്വഹിച്ചു.

സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പാർലമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പ്രസംഗിച്ച നന്ദിക എ കുമാറിനെ ചടങ്ങിൽ ആദരിച്ചു. സ്റ്റേഡിയം പവലിയനിൽ ചിത്രങ്ങൾ വരച്ച കലാകാരന്മാരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.