കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദോഹയിലേക്കുള്ള വിമാനം വൈകിയതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. ശനിയാഴ്ച വൈകീട്ട് 7.40ന് ദോഹയിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിയത്.

വൈകീട്ട് അഞ്ചു മുതൽ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. 6.25ന് അബൂദബിയിൽനിന്ന് എത്തേണ്ട വിമാനം വൈകിയതോടെയാണ് വിമാനം വൈകുന്നകാര്യം അധികൃതർ അനൗൺസ് ചെയ്തത്. ഈ വിമാനമാണ് ദോഹയിലേക്ക് പോകേണ്ടിയിരുന്നത്. വിമാനം പുറപ്പെടുന്നത് സംബന്ധിച്ച് എയർലൈൻ ജീവനക്കാർ വ്യക്തമായ വിവരം നൽകിയില്ലെന്ന് യാത്രക്കാർ ആരോപിച്ചു.

വിസ കാലാവധി കഴിയുന്നവരും അടിയന്തരമായി ജോലിയിൽ പ്രവേശിക്കേണ്ടവരും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. ചാർട്ടേഡ് വിമാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ ബഹളം വെച്ചെങ്കിലും സാധിക്കില്ലെന്ന് എയർലൈൻ അധികൃതർ പറഞ്ഞു. ഒടുവിൽ ഞായറാഴ്ച പുലർച്ചെ 12.30ന് ദോഹയിലേക്കുള്ള വിമാനം റീഷെഡ്യൂൾ ചെയ്ത് ചെക് ഇൻ തുടങ്ങിയതോടെയാണ് യാത്രക്കാർ പ്രതിഷേധം അവസാനിപ്പിച്ചത്.