തിരുവനന്തപുരം: കൈക്കൂലി വാങ്ങവേ പഞ്ചായത്ത് സെക്രട്ടറി വിജിലൻസിന്റെ പിടിയിൽ. കുളത്തൂർ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാറിനെയാണ് വിജിലൻസ് പൊക്കിയത്. ജലനിധി പദ്ധതി കോൺട്രാക്ട് ലഭിക്കാനായാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. കോൺട്രാക്ടറിൽ നിന്നും കൈക്കൂലി വാങ്ങവെയാണ് സന്തോഷ് പിടിയിലാകുന്നത്.

കോട്ടയം സ്വദേശിയും കോൺട്രാക്ടറുമായ പീറ്റർ സിറിയകിന്റെ കൈയിൽ നിന്നുമാണ് ജലനിധി പദ്ധതിയുടെ കരാർതുക അനുവദിക്കുന്നതിന് സന്തോഷ് കുമാർ 5000 രൂപ കൈക്കൂലി വാങ്ങിയത്. സന്തോഷിന്റെ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കൈയിൽ നിന്നും കണക്കിൽപ്പെടാത്ത 25000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തേ പഞ്ചായത്ത് ഭരണ സമിതിയടക്കം സെക്രട്ടറിക്കെതിരെ വിജിലൻസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു.

15 ലക്ഷം രൂപയുടെ ജലനിധി പദ്ധതിക്ക് 75000 രൂപയാണ് പഞ്ചായത്ത് സെക്രട്ടറി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ തുക തവണകളായി നൽകിയാൽ മതിയെന്ന ഒത്തു തീർപ്പിൽ പാർടൈം ബിൽ പാസാക്കുകയും ആദ്യഘടുവായി 5000 രൂപ പറഞ്ഞുറപ്പിച്ച് വാങ്ങുകയുമായിരുന്നു. ഇതിനിടെയിലാണ് വിജിലൻസിന്റെ പിടിയിലാവുന്നത്. വിജിലൻസ് സ്‌ക്വഡ് നമ്പർ ഒന്നാണ് സെക്രട്ടറിയെ കുടുക്കിയത്.