- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങിവരവേ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് അദ്ധ്യാപകൻ; സംഭവം അറിഞ്ഞിട്ടും മൗനം പാലിച്ച് സ്‌കൂൾ അധികൃതർ: കേസെടുത്ത് പൊലീസ്
തൃപ്പൂണിത്തുറ: പ്ലസ് വൺ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ചതായി പരാതി. സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങിവരവേ വാഹനത്തിൽ വെച്ച് അദ്ധ്യാപകൻ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കുട്ടി പരാതി നൽകിയതിന് പിന്നാലെ അദ്ധ്യാപകൻ ഒളിവിലാണ്. പട്ടിമറ്റം സ്വദേശിയായ കിരൺ എന്ന അദ്ധ്യാപകനാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. അദ്ധ്യാപകന്റെ ചെയ്തികൾ അറിഞ്ഞിട്ടും സ്‌കൂൾ അധികൃതർ ഇക്കാര്യം മറച്ചുവെച്ചതാണ് അദ്ധ്യാപകൻ ഒളിവിൽ പോകാൻ ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
ജില്ലയിൽ ബസ് പണിമുടക്കായിരുന്ന ദിവസമാണ് സംഭവം. കലോത്സവത്തിൽ പങ്കെടുപ്പിച്ച ശേഷം തിരിച്ച് വീട്ടിൽ കുട്ടിയെ എത്തിച്ചുകൊള്ളാം എന്ന അദ്ധ്യാപകന്റെ ഉറപ്പിലാണ് വിദ്യാർത്ഥിനിയെ വീട്ടുകാർ അയച്ചത്. തിരിച്ചു വരുംവഴിയാണ് വാഹനത്തിലായിരുന്ന അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ ശാരീരികമായി പീഡിപ്പിച്ചത്. ഇക്കാര്യം വിദ്യാർത്ഥിനി സ്‌കൂളിൽ പരാതിപ്പെട്ടിട്ടും അധികൃതർ മറച്ചുവെക്കുകയായിരുന്നുവെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. വിവരം അറിഞ്ഞ മറ്റ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയും അദ്ധ്യാപകന്റെ ഇരുചക്രവാഹനവും സ്‌കൂൾ കെട്ടിടത്തിന്റെ ജനൽച്ചില്ലുമൊക്കെ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. എന്നിട്ടും സ്‌കൂൾ അധികൃതർ പൊലീസിൽ വിവരം അറിയിച്ചില്ല.
വിദ്യാർത്ഥിനിയെ കൗൺസിലിങ് നടത്തിയ ഗസ്റ്റ് അദ്ധ്യാപികയുടെ മൊഴി പ്രകാരമാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളതെന്നും കുട്ടിയുടെ മൊഴി എടുക്കുമെന്നും പൊലീസ് പറഞ്ഞു. കേസിൽ പ്രതിയായ അദ്ധ്യാപകൻ സ്‌കൂളിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ താൻ ആത്മഹത്യ ചെയ്യും എന്ന് മെസേജ് ഇട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അദ്ധ്യാപകന്റെ രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.



