മംഗളൂരു: നാഗോരിയിൽ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിൽ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. യാത്രക്കാരന്റെ ബാഗിൽ നിന്നുമാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ ഡ്രൈവറേയും യാത്രക്കാരനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരനെ ഇറക്കാനായി ഡ്രൈവർ ഓട്ടോറിക്ഷ നിർത്തിയ സമയത്താണ് സ്‌ഫോടനം.

യാത്രക്കാരനെ സംബന്ധിച്ചുള്ള യാതൊരു വ്യക്തിവിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. കോയമ്പത്തൂർ സ്ഫോടനക്കേസുമായി ഇതിനു ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രദേശത്ത് മുമ്പും സമാന തരത്തിലുള്ള അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

സംഭവത്തിൽ കടുത്ത ജാഗ്രതയാണ് പൊലീസ് പുലർത്തുന്നത്. ഫോറൻസിക് വിദഗ്ധരും ബോംബ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. ഏതെങ്കിലും തീവ്രവാദസംഘടനയുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.