തിരുവനന്തപുരം: പടവൻകോട് മുസ്ലിം പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്നംഗസംഘത്തിനെതിരെ മറ്റൊരു കവർച്ച കേസുകൂടി. വിളപ്പിൽശാല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നെടുമങ്ങാട് ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന കേസിലും ഇവർ പ്രതികളെന്ന് കണ്ടെത്തിയത്.

കൊല്ലംകോണം തൈക്കാവ് മുസ്ലിം ജമാഅത്ത് പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 7000 രൂപയോളമാണ് പ്രതികൾ കവർന്നത്. പടവൻകോട് പള്ളിയിലെ കാണിക്കവഞ്ചി മോഷണവുമായി ബന്ധപ്പെട്ട് മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസ് (35), വെള്ളറട വെള്ളാർ സ്വദേശി വിഷ്ണു (29), കടയ്ക്കാവൂർ അഞ്ചുതെങ്ങ് സ്വദേശിനി ഉഷ (43) എന്നിവരാണ് ഇപ്പോൾ റിമാൻഡിൽ കഴിയുന്നത്.

കൊല്ലംകോണം പള്ളിയിലെ മോഷണം നടന്നത് നവംബർ 3നുശേഷമാണ്. എന്നാൽ 15നാണ് പള്ളിഅധികൃതർ സംഭവം അറിയുന്നത്. തുടർന്ന് വിളപ്പിൽശാല സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്നു നടന്ന വിശദമായ അന്വേഷണത്തിലാണ് റിമാൻഡ് പ്രതികളാണ് ഇതിലും ഉൾപ്പെട്ടിട്ടുള്ളത് എന്നറിയുന്നത്.

റിമാൻഡിൽ കഴിയുന്ന പ്രതികൾ ഒക്ടോബർ മാസത്തിൽ നെടുമങ്ങാട് ഗവ. ആശുപത്രിക്കു സമീപത്തെ ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് 3200 രൂപയും പത്താംകല്ല് മുസ്ലിംപള്ളിയുടെ വഞ്ചി തുറന്ന് 2700 രൂപയും കവർന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനെല്ലാം പ്രത്യേക കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.