തിരുവനന്തപുരം: എംഡിഎംഎ പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ വാൾ വീശിയ കേസിൽ പ്രതികളായ സാജൻ , ഷിജോ സാമുവൽ എന്നിവരെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. നെയ്യാറ്റിൻകര എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ ജനുവരി 4 നാണ് പ്രതികളെ ഷാജരാക്കേണ്ടത്. കഠിനംകുളം ശാന്തിപുരം ജോൺ ഹൗസിൽ സാജൻ (19), ഇയാളുടെ സുഹൃത്ത് കരുംകുളം പുല്ലുവിള പുതിയതുറ പുരയിടത്തിൽ ഷിജോ സാമുവേൽ (24) എന്നിവരാണ് കേസിലെ 2 പ്രതികൾ. 1985 ലെ നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമത്തിലെ 22 (ബി) , 25എന്നീ വകുപ്പുകൾ പ്രകാരമാണ് കോടതി കേസെടുത്തത്.

2022 മെയ് 6 രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. സാജനിൽ നിന്ന് 2.20 ഗ്രാം , ഇയാളുടെ കുറ്റസമ്മത മൊഴി പ്രകാരം ഷിജോ യാത്ര ചെയ്ത സ്‌കൂട്ടറിൽ നിന്നും 2.22 ഗ്രാം എന്നിങ്ങനെ 4.42 ഗ്രാം പിടികൂടിയെന്നാണ് കേസ്. അതേ സമയം ഒന്നാം പ്രതിയും രണ്ടാം പ്രതിയും സുഹൃത്തുക്കളാണെന്നും ഒന്നാം പ്രതി ലഹരി ഉപയോഗിക്കുന്നയാളാണെന്നുമാണ് രണ്ടാം പ്രതി ജാമ്യഹർജിയിൽ ബോധിപ്പിച്ചിട്ടുള്ളത്. രണ്ടാം പ്രതിയെ ലഹരി ഉപയോഗിക്കാൻ ശീലിപ്പിച്ചതിനെതിരെ ഒന്നാം പ്രതിക്കെതിരെ രണ്ടാം പ്രതിയുടെ രക്ഷിതാക്കൾ മുമ്പ് ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിക്കെതിരെ കേസെടുത്ത വിരോധത്തിൽ രണ്ടാം പ്രതി ബൈക്കിൽ എംഡി എം എ കടത്തുന്നതായുള്ള ഒന്നാം പ്രതിയുടെ കളവായ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാത്തിലാണ് രണ്ടാം പ്രതിയെ കസ്റ്റഡിയിലെടുത്ത് കളവായി രണ്ടാം പ്രതിസ്ഥാനത്ത് ചേർത്തതെന്നും രണ്ടാം പ്രതിയിൽ നിന്നും യാതൊന് വീണ്ടെടുത്തില്ലെന്നും രണ്ടാം പ്രതി കോടതിയിൽ ബോധിപ്പിച്ചു.

ലഹരിമരുന്നായ എം.ഡി.എം.എം. വിൽപ്പന നടത്തുന്ന സംഘത്തെ പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിനു നേരേയാണ് വാൾ വീശി ആക്രമണം നടന്നത്. ബല പ്രയോഗത്തിലൂടെ പ്രതികളിലൊരാളെ കീഴ്‌പ്പെടുത്തുന്നതിടയിൽ ഉദ്യോഗസ്ഥന്റെ കൈയ്ക്ക് മുറിവേറ്റിരുന്നു. സാജനാണ് ഉദ്യോഗസ്ഥനുനേരേ വാൾ വീശി ആക്രമിച്ചത്. ഇവരുടെ പക്കൽനിന്ന് 4 ഗ്രാം 42 മി.ഗ്രാം എം.ഡി.എം.എ. മയക്കുമരുന്ന് കണ്ടടുത്തു. പ്രതികളിലൊരാളായ ഷിജോ സാമുവേലിന്റെ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. 1985 ലെ നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമപ്രകാരം എംഡിഎംഎ 0. 5 ഗ്രാം ചെറിയ അളവും 10 ഗ്രാം മുതൽ വാണിജ്യ അളവുമാണ്. അളവിനനുസരിച്ചാണ് ശിക്ഷയുടെ തോത് നിയമത്തിൽ പറയുന്നത്.

0.5 ഗ്രാം അളവ് കൈവശം വച്ചാൽ ചെറിയ അളവെന്ന നിലയ്ക്ക് 22 (എ) പ്രകാരം 6 മാസം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ. 0.5 ഗ്രാമിനും 10 ഗ്രാമിനും ഇടക്കുള്ള ഇന്റർമീഡിയറി ക്വാണ്ടിറ്റി അളവ് കൈവശം വച്ചാൽ 22 (ബി) പ്രകാരം10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 10 ഗ്രാമിന് മേൽ കൈവശം വച്ചാൽ വാണിജ്യ അളവെന്ന നിലക്ക് 22 (സി) പ്രകാരം 20 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. എക്‌സൈസ് ഇൻസ്‌പെക്ടർ അജീഷ് എൽ.ആർ., പ്രിവന്റീവ് ഓഫീസർ ഷാജു കെ., സിവിൽ എക്‌സൈസ് ഓഫീസർമാരായ ടോണി, ഉമാപതി, സതീഷ്‌കുമാർ, അനീഷ്, പ്രസന്നൻ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.