- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർമ്മ നഷ്ടപ്പെട്ട് നഗരത്തിൽ അലഞ്ഞു നടന്ന വിമുക്തഭടനെ കണ്ടെത്തി; 16 വർഷത്തെ പെൻഷൻ തുകയായ 21 ലക്ഷം ഇന്ന് ലഭിക്കും
കോട്ടയം: ഓർമ്മ നഷ്ടപ്പെട്ട് കോട്ടയം നഗരത്തിൽ അലഞ്ഞു നടന്ന വിമുക്തഭടനെ 16 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ മാന്നാർ പാവുക്കര താമ്രവേലിൽ പടിഞ്ഞാറ്റതിൽ എം.ജി.ശശീന്ദ്രനെയാണ് (70) ഏറെ നാളത്തെ തിരച്ചിലിനു ശേഷം ഡിപിഡിഒയിലെ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. 16 വർഷത്തെ പെൻഷനായി ഇദ്ദേഹത്തിന് ലഭിക്കാനുണ്ടായിരുന്നത് 21.61 ലക്ഷം രൂപ. ഈ തുക ഇന്നു കൈമാറും.
പെൻഷൻകാരെ എല്ലാ വർഷവും ഡിപിഡിഒ തിരിച്ചറിയണമെന്നാണ് നിയമം. ശശീന്ദ്രനെ വർഷങ്ങളായി അന്വേഷിക്കുകയായിരുന്നു.2007 ജൂൺ മുതലാണ് ശശീന്ദ്രൻ പെൻഷൻ വാങ്ങാതായത്. ഓർമ നഷ്ടപ്പെട്ട് വീട്ടിൽ നിന്നിറങ്ങിപ്പോവുകയായിരുന്നു. നാടും വീടും എവിടെയെന്ന് ഓർത്തെടുക്കാനാവാതെ കോട്ടയം നഗരത്തിൽ അലഞ്ഞ ശശീന്ദ്രനെ 2 വർഷം മുൻപ് നഗരത്തിലെ അഭയ കേന്ദ്രം ഏറ്റെടുത്തു.
വിമുക്തഭടനാണെന്നു വ്യക്തമാക്കുന്ന തിരിച്ചറിയൽ കാർഡ് ഇദ്ദേഹത്തിന്റെ പക്കൽനിന്ന് വാർഡൻ കണ്ടെത്തി. തുടർന്ന് ശശീന്ദ്രനുമായി ഡിപിഡിഒ ഓഫിസിൽ എത്തി പെൻഷൻ കൈപ്പറ്റി. എന്നാൽ, മേലുദ്യോഗസ്ഥരുടെ ഉത്തരവില്ലാത്തതിനാൽ കുടിശിക നൽകാൻ കഴിഞ്ഞില്ല. പിന്നീട് ഈ അഭയകേന്ദ്രത്തിൽനിന്നു ശശീന്ദ്രൻ അപ്രത്യക്ഷനായി.
തുടർന്ന് 2 വർഷമായി ഉദ്യോഗസ്ഥർ നഗരത്തിലും അഭയ കേന്ദ്രങ്ങളിലും മറ്റും നടത്തിയ അന്വേഷണത്തിന്റെ ഫലമായി മറ്റൊരു അഭയ കേന്ദ്രത്തിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ഇതിനിടെ, വീട്ടുകാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചിരുന്നില്ല.



