തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് മികവിന്റെ അടിസ്ഥാനത്തിൽ ഗ്രേഡിങ് നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. അടിസ്ഥാന സൗകര്യങ്ങളുടെയും അക്കാദമിക മികവിന്റെയും അടിസ്ഥാനത്തിൽ ഗ്രേഡിങ് നൽകുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

പ്രൈമറി ക്ലാസുകളിലെ എഴുത്തുപരീക്ഷ ഒഴിവാക്കുന്ന കാര്യവും ഗൗരവമായി ആലോചിക്കുന്നുണ്ട്. നിലവിലെ പാഠ്യപദ്ധതി അനുസരിച്ച് കെജി ക്ലാസുകളിലെ കുട്ടികൾ പോലും പരീക്ഷ എഴുതാൻ നിർബന്ധിതരാകുന്നുന്നെന്നും മന്ത്രി പറഞ്ഞു.

കോളജുകളിലെ നാക് അക്രഡിറ്റേഷന്റെ മാതൃകയിൽ സ്‌കൂളുകൾക്ക് ഗ്രേഡിങ് നൽകുന്ന കാര്യം സർക്കാർ നേരത്തെ ആലോചിച്ചിരുന്നു. എന്നാൽ അദ്ധ്യാപക സംഘടനകളടക്കം കടുത്ത എതിർപ്പുമായി രംഗത്തുവന്നതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇത്തരത്തിൽ ഗ്രേഡിങ് സംവിധാനം നടപ്പാക്കിയാൽ കുറഞ്ഞ ഗ്രേഡുള്ള സ്‌കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്നായിരുന്നു വിലയിരുത്തൽ.