- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി; സമ്മാനപ്പൊതി അയച്ചു നൽകാമെന്ന് പറഞ്ഞ് ഏഴു ലക്ഷം തട്ടി: ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ
കാസർകോട്: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട കാസർകോട് മധൂർ മായിപ്പാടി സ്വദേശിനിയെ ഭീഷണിപ്പെടുത്തി ഏഴു ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ. ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ മുഹമ്മദ് ഷാരിഖാ(19)ണു സൈബർ പൊലീസിന്റെ പിടിയിലായത്. മധൂർ മായിപ്പാടി സ്വദേശിനിയായ യുവതിയെ ഓൺലൈൻ വഴി പരിചയപ്പെട്ട യുവാവ് സമ്മാനങ്ങൾ അയച്ചു നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയത്.
ഈ വർഷം സെപ്റ്റംബറിലാണ് സമൂഹ മാധ്യമത്തിലൂടെ ഇയാൾ യുവതിയുമായി പരിചയപ്പെട്ടത്. സ്‌കൂളിലെ സഹപാഠിയെന്നു പറഞ്ഞു യുവതിയെ തെറ്റിദ്ധരിപ്പിച്ചു. പിന്നീടാണ് പണം അടങ്ങുന്ന സമ്മാനം അയച്ചു നൽകാമെന്നു പറഞ്ഞു പണം വാങ്ങിത്തുടങ്ങിയത്. പാഴ്‌സൽ കൈപ്പറ്റും മുൻപ് 5 ലക്ഷം രൂപ അടയ്ക്കണമെന്നും നിർദേശിച്ചു. സമ്മാനത്തിനൊപ്പം തുകയായി 15,000 പൗണ്ട് അയക്കുമെന്നും ഇതിന്റെ നികുതിയാണ് അടയ്‌ക്കേണ്ടതെന്നുമാണു തട്ടിപ്പുകാരൻ പറഞ്ഞത്. ആദ്യം 2.5 ലക്ഷം അടച്ചു. കൂടുതൽ തുക അയക്കണമെന്ന് പറഞ്ഞു ഭീഷണി ആയപ്പോൾ ഇവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
പല തവണയായി ആകെ 7.05 ലക്ഷം അയച്ചു. ഒക്ടോബർ 25നാണ് പൊലീസിന്റെ പക്കൽ പരാതി എത്തിയത്. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നിർദേശപ്രകാരം സൈബർ പൊലീസ് ഉത്തർപ്രദേശിലെ സിങ്ഹായി മുറാവനിലെത്തിയാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കാസർകോട് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
പ്രതിയുടെ കൈവശം 2 ആധാർ കാർഡുകൾ കണ്ടെത്തി. ഇയാൾക്ക് വിവിധ ബാങ്കുകളിലായി 8 അക്കൗണ്ടുകളുമുള്ളതായി കണ്ടെത്തി. സൈബർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ.പ്രേംസദൻ, എഎസ്ഐ എ.വി.പ്രേമരാജൻ, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി.വി.സവാദ് അഷ്‌റഫ്, സിവിൽ പൊലീസ് ഓഫിസർ കെ.വി.ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉത്തർപ്രദേശിലേക്ക് അന്വേഷണത്തിനായി പോയതും പ്രതിയെ പിടികൂടിയതും.



