- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വർഷത്തെ ശിവഗിരി തീർത്ഥാടനം ഡിസംബർ 15 മുതൽ ജനുവരി അഞ്ചു വരെ; ഒരുക്കങ്ങൾ തുടങ്ങി
തിരുവനന്തപുരം: ഈ വർഷത്തെ ശിവഗിരി തീർത്ഥാടനം ഡിസംബർ 15നു തുടങ്ങി ജനുവരി 5ന് അവസാനിക്കും. തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവർ അറിയിച്ചു. ശിവഗിരി തീർത്ഥാടന നവതി, ബ്രഹ്മവിദ്യാലയം കനകജൂബിലി, മഹാകവി രവീന്ദ്രനാഥ ടഗോർ ശിവഗിരി സന്ദർശിച്ചതിന്റെ ശതാബ്ദി, മഹാകവി കുമാരനാശാന്റെ 150-ാം ജയന്തി എന്നിവ പരിഗണിച്ച് അനാചാരങ്ങൾക്കെതിരെ പ്രഭാഷണങ്ങൾ, പഠന ക്ലാസുകൾ, ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം എന്നിവയും സംഘടിപ്പിക്കും.
ഡിസംബർ 15 മുതൽ മഹാഗുരുപൂജ, പുഷ്പാഞ്ജലി, ശാരദ പുഷ്പാഞ്ജലി, കുട്ടികളുടെ വിദ്യാഭ്യാസ ഉയർച്ചയ്ക്കു പ്രസാദമായി പേന നൽകുന്ന ശാരദാപൂജ, മഹാശാന്തി ഹവനം എന്നിവ നടത്തും. ഡിസംബർ 20 മുതൽ 25 വരെ രാവിലെ 10 മുതൽ ഗുരുദേവകൃതികളെയും വിവിധ വിഷയങ്ങളെയും ആസ്പദമാക്കി പ്രഭാഷണങ്ങളും പഠനക്ലാസുകളും നടക്കും. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൈത്തൊഴിൽ, കച്ചവടം, ശാസ്ത്രസാങ്കേതികത തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും സമ്മേളനങ്ങളും ഉണ്ടാകും. ഗുരുധർമ പ്രചാരണ സഭ, എസ്എൻഡിപി യോഗം അടക്കം ഗുരുദേവ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ വിളംബര സമ്മേളനങ്ങൾക്കു പുറമേ വിവിധ ഭാഗങ്ങളിൽ നിന്നു തീർത്ഥാടന പദയാത്രകൾ ഡിസംബർ 29ന് ശിവഗിരിയിൽ എത്തിച്ചേരും.



