തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവരിൽ കൂടുതലും ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരും ഉദ്യോഗസ്ഥരുമെന്ന് പൊലീസ്. പ്രൊഫഷണലുകളായ നിരവധി പേരാണ് ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നതും ലക്ഷങ്ങൾ നഷ്ടമാകുന്നതും. ബോധവത്കരണ വീഡിയോകളും മുന്നറിയിപ്പും നൽകിയിട്ടും പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ളവർ തട്ടിപ്പുകൾക്ക് ഇരയാകുന്നു. ഇക്കൊല്ലം സെപ്റ്റംബർവരെമാത്രം 611 സൈബർ കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭൂരിഭാഗവും ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ടവയാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

ഒ.എൽ.എക്സിൽ പരസ്യം നൽകുന്ന മലയാളികളെ ഉത്തരേന്ത്യൻ തട്ടിപ്പുകാർ ലക്ഷ്യംവെച്ചിട്ടുണ്ട്. ഓൺലൈൻ ഇടപാടുകളിൽ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങൾപോലും മറന്നുള്ള ഇടപാടുകളാണ് ഡോക്ടർമാർ, പ്രൊഫസർമാർ, വിമാനത്താവളത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കൊക്കെ വിനയായത്. കഴിഞ്ഞദിവസം പൊലീസിന് ലഭിച്ച പരാതികളിലും ഇത്തരത്തിലുള്ള അശ്രദ്ധയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞദിവസം പണം നഷ്ടമായ വ്യക്തിയിൽനിന്ന് പണം പോയത് ഉത്തർപ്രദേശിലെ ഒരാളുടെ അക്കൗണ്ടിലേക്കാണ്. ഒരു പ്രമുഖ സ്വകാര്യ ബാങ്കിലെ അക്കൗണ്ടാണിതെന്നും അധികൃതർ വ്യക്തമാക്കുന്നു. ഝാർഖണ്ഡിലെ ജംതാരയിൽനിന്നുള്ള തട്ടിപ്പുകാർ മലയാളത്തിൽത്തന്നെ സംസാരിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. അതിഥിത്തൊഴിലാളികളായി എത്തി ഭാഷ പഠിച്ചശേഷമാണ് ഇവർ തട്ടിപ്പിനിറങ്ങുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.